ബര്‍ലിന്‍: ലോകകപ്പിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ ലോക ചാമ്പ്യന്മരായ ജര്‍മനിയെ ഓസ്ട്രിയ അടിയറവു പറയിച്ചു. ലോകചാമ്പ്യന്മാരായ ജര്‍മനി ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഓസ്ട്രിയയ്ക്കു മുന്നില്‍ കീഴടങ്ങിയത്.
ഏഴു മാസമായി പരിക്കേറ്റു പുറത്തായിരുന്ന ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയർ തിരിച്ചുവന്ന മത്സരമായിരുന്നു. ടൂര്‍ണമെന്റില്‍ യോഗ്യതപോലും നേടാത്ത ഓസ്ട്രിയയ്ക്കെതിരേയുള്ള തോല്‍വി ജര്‍മന്‍കാരെ ഞെട്ടിച്ചു. പരിക്കില്‍നിന്നു തിരിച്ചെത്തിയ ക്യാപ്റ്റന്‍ നോയര്‍ മുഴുവന്‍ സമയവും കളിച്ചതാണ് ജര്‍മനിയുടെ ആശ്വാസമായത്. കനത്ത മഴയും കാറ്റും കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. ഈ പശ്ചാത്തലത്തില്‍ ലോകകപ്പിനു മുമ്പ് പരുക്കേല്‍ക്കാതെ സൂക്ഷിച്ചു കളിച്ചതും ജര്‍മനിയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
കളി തുടങ്ങും മുമ്പേ ആടിത്തിമിര്‍ത്ത മഴയില്‍ കളിക്കളവും കളിക്കാരും നനഞ്ഞു കുതിര്‍ന്നിരുന്നു. എങ്കിലും ആവേശം ഒട്ടും ചോര്‍ന്നു പോകാതെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആദ്യപകുതിയില്‍ കളിയിലും പന്തടക്കത്തിലും മുന്നിട്ടു നിന്നിരുന്ന ലോക ചാമ്പ്യന്മാര് അയല്‍ക്കാരായ ഓസ്ട്രിയയ്ക്കെതിരെ പതിനൊന്നാം മിനിറ്റില്‍ ആദ്യ ലീഡ് നേടി. മെസ്യൂട്ട് ഓസിലായിരുന്നു സ്കോറര്‍. ഓസ്ട്രിയന്‍ ഗോളി പന്ത് ശരിയായി ക്ലിയര്‍ ചെയ്യാതിരുന്നപ്പോള്‍ വീണു കിട്ടിയ അവസരം ഓസില്‍ പാഴാക്കിയില്ല.
മാര്ട്ടിന് ഹിന്ററഗറാണ് അന്പത്തിനാലാം മിനിറ്റില്‍ സമനില ഗോള്‍ ഓസ്ട്രിയയ്ക്കായി കുറിച്ചത്. മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ പരിക്കേല്‍ക്കുമോയെന്ന പേടിയും ജര്‍മനിയുടെ നീക്കങ്ങളെ ബാധിച്ചു. 69-ാം മിനിറ്റില്‍ അലസാന്ദ്രോ ഷോഫിലൂടെ രണ്ടാം ഗോളും കുറിച്ച് ഓസ്ട്രിയ മത്സരത്തില്‍ പിടിമുറുക്കുകയും ചെയ്തു.
ജോസ് കുമ്പിളുവേലില്‍