ലണ്ടൻ: ഓസ്ട്രേലിയയ്ക്കായി ഡേവിഡ് വാർണറിന്റെ റണ്‍ യുദ്ധം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തന്റെ രണ്ടാം സെഞ്ചുറിയുമായി വാർണർ നയിച്ച യുദ്ധത്തിൽ ഓസ്ട്രേലിയയ്ക്കു ബംഗ്ലാദേശിനെതിരേ 48 റണ്‍സ് ജയം. കംഗാരുക്കൾ ഉയർത്തിയ 382 റണ്‍സ് എന്ന ലക്ഷ്യം സധൈര്യം നേരിട്ട ബംഗ്ല കടുവകൾ പൊരുതി കീഴടങ്ങി. ബംഗ്ലാദേശിനായി മുഷ്ഫിഖർ റഹിം (97 പന്തിൽ 102 നോട്ടൗട്ട്) സെഞ്ചുറി നേടി.
കോഹ്ലിക്കൊപ്പം വാർണർ
ഏകദിന ക്രിക്കറ്റിൽ 16 സെഞ്ചുറികൾ വേഗത്തിൽ നേടുന്ന താരമെന്ന നേട്ടത്തിൽ ഓസ്ട്രേലിയയുടെ ഓപ്പണർ ഡേവിഡ് വാർണർ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം. ലോക ക്രിക്കറ്റിൽ കോഹ്ലിയും വാർണറും രണ്ടാം സ്ഥാനം പങ്കിടുകയാണ്. ബംഗ്ലാദേശിനെതിരായ സെഞ്ചുറിയോടെയാണ് വാർണർ ഈ റിക്കാർഡിലെത്തിയത്. 110 ഇന്നിംഗ്സിൽനിന്നാണ് കോഹ്ലിയും വാർണറും 16 രാജ്യാന്തര സെഞ്ചുറി പൂർത്തിയാക്കിയത്. 94 ഇന്നിംഗ്സിൽ 16 സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഹഷിം അംലയുടെ പോരിലാണ് ലോക റിക്കാർഡ്. ഇന്ത്യയുടെ ശഖർ ധവാൻ (126 ഇന്നിംഗ്സ്), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (128 ഇന്നിംഗ്സ്) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ.
ഏകദിനത്തിൽ ഏറ്റവും അധികം 150ൽ കൂടുതൽ റണ്‍സ് എന്ന റിക്കാർഡിലും വാർണർ രണ്ടാമതെത്തി. 150ൽ അധികം റണ്‍സ് ഓസീസ് താരം നേടുന്നത് ഇത് ആറാം തവണയാണ്. ഇന്ത്യയുടെ രോഹിത് ശർമയാണ് (ഏഴ് പ്രാവശ്യം) ലോക ഒന്നാം നന്പർ. അഞ്ച് തവണ വീതം 150ൽ അധികം റണ്‍സ് നേടിയ സച്ചിൻ തെണ്ടുൽക്കറിനെയും ക്രിസ് ഗെയ്ലിനെയുമാണ് വാർണർ പിന്തള്ളിയത്.
കടുവകളെ തല്ലിയോടിച്ചു
വെസ്റ്റ് ഇൻഡീസിനെതിരായ ഏഴ് വിക്കറ്റ് ജയത്തിലൂടെ തരംഗം സൃഷ്ടിച്ച ബംഗ്ലാദേശിനെതിരേ ഓസ്ട്രേലിയ തകർത്തടിക്കുന്നതാണ് ട്രെന്റ് ബ്രിഡ്ജിൽ കണ്ടത്. ആദ്യം ബാറ്റിംഗിനെത്തിയ ഓസ്ട്രേലിയയ്ക്കായി ഓപ്പണർമാരായ ഡേവിഡ് വാർണറും (147 പന്തിൽ 166 റണ്‍സ്) ആരോണ്‍ ഫിഞ്ചും (51 പന്തിൽ 53 റണ്‍സ്) മികച്ച അടിത്തറ പാകി. 20.5 ഓവറിൽ 121 റണ്‍സ് അടിച്ചെടുത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
മൂന്നാം നന്പറായെത്തിയ ഉസ്മാൻ ഖ്വാജയ്ക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിലും വാർണർ യഥേഷ്ടം റണ്‍സ് കണ്ടെത്തി. ഖ്വാജയും (72 പന്തിൽ 89 റണ്‍സ്) വാർണറും ചേർന്ന് രണ്ടാം വിക്കറ്റിൽ 192 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. 141 പന്തിൽനിന്നായിരുന്നു ഇത്. ഇരുവരും പുറത്തായതിനുശേഷം ഓസീസ് റണ്ണൊഴുക്ക് മന്ദഗതിയിലായി.
46.1 ഓവറിൽ രണ്ടിന് 352 എന്ന നിലയിൽനിന്ന് ഓസ്ട്രേലിയ 47.1 ഓവറിൽ അഞ്ചിന് 354 എന്ന അവസ്ഥയിലായി. ഗ്ലെൻ മാക്സ്വെൽ (10 പന്തിൽ 32 റണ്‍സ്) ഇല്ലാത്ത റണ്ണിനായുള്ള ശ്രമത്തിനിടെ റണ്ണൗട്ടായതാണ് കംഗാരുക്കൾക്ക് കടിഞ്ഞാണിട്ടത്.
ഏകദിനത്തിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് ഇന്നലെ പടുത്തുയർത്തിയ അഞ്ചിന് 381 റണ്‍സ്. ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ രണ്ട് വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ട് എന്ന അപൂർവ നേട്ടവും ഓസീസ് ഇന്നലെ സ്വന്തമാക്കി. ഇന്ത്യ, ശ്രീലങ്ക എന്നിവയ്ക്കുശേഷമാണ് ഓസ്ട്രേലിയ ഈ നേട്ടത്തിലെത്തുന്നത്.
ബംഗ്ല മറുപടി
382 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബംഗ്ലാദേശ് ഇറങ്ങിയപ്പോൾ വിൻഡീസിനെതിരേ അവർ നടത്തിയതുപോലൊരു മാജിക്കിനാണ് ഏവരും കാത്തിരുന്നത്. എന്നാൽ, നാലാം ഓവറിൽ സൗമ്യ സർക്കാറും (എട്ട് പന്തിൽ 10 റണ്‍സ്) 19-ാം ഓവറിൽ ഷക്കീബ് അൽ ഹസനും (41 പന്തിൽ 41 റണ്‍സ്) പുറത്തായത് കടുവകൾക്ക് ക്ഷീണം ചെയ്തു.
അഞ്ചാം വിക്കറ്റിൽ മുഹമ്മദുള്ളയും മുഷ്ഫിഖർ റഹീമും ചേർന്ന് 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇവരുടെ കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് ഭീഷണി സൃഷ്ടിച്ചു മുന്നേറി. എന്നാൽ, 50 പന്തിൽ 69 റണ്‍സ് നേടിയ മുഹമ്മദുള്ളയെ നഥാൻ കോർട്ടർ നെയ്ൽ പാറ്റ് കമ്മിൻസിന്റെ കൈകളിലെത്തിച്ച് ഓസ്ട്രേലിയയ്ക്ക് ബ്രേക്ക് ത്രൂ നല്കി. 46-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു അത്. തൊട്ടടുത്ത പന്തിൽ സബീർ റഹ്മാനെയും മടക്കി നെയ്ൽ ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകർന്നു. അതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.