സിഡ്‌നി: മൂന്നാം ടെസ്റ്റിലും തോറ്റ പാക്കിസ്ഥാന് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുണ്ടായിരുന്നത്. 220 റണ്‍സിനാണ് സിഡ്‌നി ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയത്. 465 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്ക് ബാറ്റിംഗ് നിര 244 റണ്‍സില്‍ കൂടാരം കയറി. 72 റണ്‍സോടെ പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതിയത്. സ്റ്റീവ് ഒക്ഫീ, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
55/1 എന്ന ഭേദപ്പെട്ട നിലയിലാണ് പാക്കിസ്ഥാന്‍ അവസാന ദിനം തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് (38), ആസാദ് ഷെഫീഖ് (30) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല.
ആദ്യ ഇന്നിംഗ്‌സില്‍ അതിവേഗ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗ അര്‍ധ സെഞ്ചുറിയും നേടിയ ഡേവിഡ് വാര്‍ണര്‍ മാന്‍ ഓഫ് ദ മാച്ചായി. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് പരമ്പരയുടെ താരം. സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 538/8 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിംഗ്‌സ് 241/2 ഡിക്ലയേര്‍ഡ്. പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സ് 315, രണ്ടാം ഇന്നിംഗ്‌സ് 244.