ബ്രിട്ടീഷ് മാധ്യമങ്ങൾ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമം എഴുതിയതിനും 136 വർഷങ്ങൾക്കുശേഷം സമാനമായൊരു ചരമ അറിയിപ്പ് ഉണ്ടായി. 1882 ഓഗസ്റ്റിൽ ഓവലിൽവച്ചുനടന്ന ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യമായി ചിരവൈരികളായ ഓസ്ട്രേലിയയ്ക്കു മുന്നിൽ പരാജയപ്പെട്ടു.
പിറ്റേദിവസം ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമകുറിപ്പ് ‘ദ സ്പോർട്ടിംഗ് ടൈംസ്’ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും, ശരീരം ദഹിപ്പിച്ചതിനുശേഷം ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു ചരമക്കുറിപ്പ്. ഇതാണ് പിന്നീട് ആഷസ് ടെസ്റ്റ് എന്ന ചരിത്രപ്രസിദ്ധ പ്രയോഗത്തിനു വഴിവച്ചത്.
സമാനമായ സംഭവമല്ലെങ്കിലും ഓസീസ് ക്രിക്കറ്റിന്റെ ചരമം ഓസ്ട്രേലിയൻ പത്രങ്ങളും പ്രസിദ്ധീകരിച്ചു. ന്യൂലാൻഡിൽവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് മരിച്ചെന്നും മൃതദേഹം ദഹിപ്പിച്ചശേഷം ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ചരമക്കുറിപ്പ്.