ഓസ്ട്രേലിയയിലെ ബ്രിസ്ബൈനില്‍ പതിനാറുകാരിയായ യാത്രക്കാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമുള്ള ലൈംഗിക പ്രവൃത്തികളാണുണ്ടായതെന്ന് മലയാളിയായ ഊബര്‍ ഡ്രൈവര്‍ കോടതിയില്‍ മൊഴി നല്കി. പെണ്‍കുട്ടി ആരോപിക്കുന്നതുപോലെ പീഡനമോ, ലൈംഗിക ബന്ധമോ ഉണ്ടായില്ലെന്നും ഊബര്‍ ഡ്രൈവര്‍ അനില്‍ ഇലവത്തുങ്കല്‍ തോമസ് കോടതിയെ അറിയിച്ചു.
കേസില്‍ പെണ്‍കുട്ടി ആരോപിക്കുന്ന പോലെ ബലാത്സംഗം നടന്നിട്ടില്ലെന്നും, പെണ്‍കുട്ടിയുടെ പ്രലോഭനം തടയാനാകാതെയാണ് താന്‍ ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്നും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അനില്‍ തോമസ് പറഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളും, കാലുകളില്‍ നിറയെ ചെളിയുമായാണ് സംഭവ ദിവസം 16കാരി തന്റെ കാറില്‍ കയറിയത്. കാമുകനുമായി വഴക്കിട്ടെന്ന് പറഞ്ഞ പെണ്‍കുട്ടി, മദ്യപിക്കാനായി പല തവണ തന്നോട് പണം ആവശ്യപ്പെട്ടെന്നും അനില്‍ തോമസ് പറഞ്ഞു.
കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടി രോഷാകുലയായി. ഇറങ്ങേണ്ട സ്ഥലത്തിന് അടുത്തെത്തിയപ്പോള്‍ കാര്‍ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനും, പണമില്ലാത്തതിനാല്‍ ഊബര്‍ അക്കൗണ്ട് ഓഫ് ചെയ്യാനും ആവശ്യപ്പെട്ടു. കാര്‍ ഒരു മരത്തിന് ചുവട്ടില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടി, താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചതായി അനില്‍ ഇലവത്തുങ്കല്‍ തോമസ് പറഞ്ഞു.
തന്നെ നിര്‍ബന്ധമായി സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം ചെറുത്തുനില്ക്കാന് ശ്രമിച്ചെങ്കിലും കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും അനില്‍ തോമസ് വാദിച്ചു.
കടപ്പാട്: എസ്ബിഎസ് മലയാളം