മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാംറൗണ്ട് മത്സരത്തിനിറങ്ങിയ പ്രമുഖ താരങ്ങളെല്ലാം വിജയം കണ്ടു.പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മാരിന് സിലിച്ച് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ കടന്നപ്പോള്‍ അഞ്ചാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ അമേരിക്കയുടെ യുവതാരം ഫ്രാന്‍സെസ് ടിയാഫോ ഒന്നിനെതിരേ മൂന്നു സെറ്റിന് അട്ടിമറിച്ചു.
ഓസ്ട്രേലിയയുടെ യുവതാരം അലക്സ് ഡി മിനോര്‍, ഫ്രാന്‍സിന്റെ ഗെയ്ൽ മോണ്‍ഫില്‍സ്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. വനിതാവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാസ്കി, മുന്‍ ചാമ്പ്യന്‍ ആഞ്ചലിക്ക് കെര്‍ബര്‍, പെട്രാ ക്വിറ്റോവ, ബെലിന്‍ഡ ബെന്‍സിച്ച്, മരിയ ഷറപ്പോവ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്(7-6,7-6,6-3) തകര്‍ത്താണ് മൂന്നാംറൗണ്ടിലെത്തിയത്.അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സാണ് മൂന്നാം റൗണ്ടില്‍ ഫെഡററുടെ എതിരാളി.
അമേരിക്കയുടെ മക്കെന്‍സി മക്ഡോണാള്ഡിനെതിരേയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ മാരിന് സിലിച്ചിന്റെ വിജയം. ആതിഥേയ താരം മാത്യു എബ്ഡനെതിരേ അനായാസ ജയവുമായാണ് നദാലിന്റെ മൂന്നാംറൗണ്ട് പ്രവേശം. സ്റ്റെഫാനോസ് സിറ്റ്സിപ്പാസ്, ഖാരന്‍ കാച്ചനോവ്, റോബര്‍ട്ടോ ബൗട്ടിസ്റ്റ എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ കരോളിന് വോസ്നിയാസ്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വീഡിഷ് താരം ജോഹാന്ന ലാര്‍സനെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ കടന്നത്. ബ്രസീലിയന്‍ താരം ബിയാട്രിസ് ഹദ്ദാദ് മെയയെയാണ് മുന്‍ ചാമ്പ്യന്‍ കെര്‍ബര്‍ രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തിയത്.
റൊമാനിയന്‍ താരം ഐറീന കാമില ബെഗുവിനെതിരേയായിരുന്നു ചെക്ക് താരം പെട്രാ ക്വിറ്റോവയുടെ ജയം. കരോളിന ഗാര്‍ഷ്യ, ആഷ്ലി ബാര്‍ട്ടി, സ്ലോവെന്‍ സ്റ്റീഫന്‍സ്, പെട്രാ മാര്‍ട്ടിക് തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ വിജയം കണ്ടു.
ഡബിള്‍സില്‍ ഏക ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന രോഹന് ബൊപ്പണ-ദിവിജ് ശരണ്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായി. സ്പെയിനിന്റെ പാബ്ലോ കരാനോ ബുസ്ത-ഗില്ലെര്‍മോ ഗാര്‍സ്യ ലോപ്പസ് സഖ്യമാണ് ഇവരെ തോല്‍പ്പിച്ചത്.