മെല്‍ബണ്‍: അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണും ഭീഷണിയായി കോവിഡ്-19. അടുത്ത വര്‍ഷത്തെ ആദ്യ ഗ്രാന്സ്ലാം ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്ന് ടെന്നീസ് ഓസ്ട്രേലിയ തലവന്‍ ക്രെയ്ഗ് ടൈലി.
അല്ലെങ്കില്‍ വിദേശത്തുനിന്നുള്ള ആരാധകരെ ഒഴിവാക്കി മത്സരം നടത്താനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ മാര്‍ച്ചിന്റെ തുടക്കം മുതല്‍ ടെന്നീസ് മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് നടക്കുക. എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ പ്രധാന ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ മേയില്‍നിന്ന് സെപ്റ്റംബറിലേക്കു മാറ്റിയിരിക്കുകയാണ്. വിംബിള്‍ഡണ്‍ റദ്ദാക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ട യുഎസ് ഓപ്പണിന്റെ കാര്യത്തില്‍ അടുത്ത മാസം തീരുമാനമെടുക്കും.
പകര്‍ച്ചവ്യാധിയുടെ പിടിയില്‍നിന്ന് ഓസ്ട്രേലിയന്‍ ഓപ്പണും രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നാണ് ടെന്നീസ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടിവ് ടൈലി പറഞ്ഞത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നടന്നില്ലെങ്കില്‍ അതു മോശം കാര്യമാകും.
മറ്റൊന്നുള്ളത് കളിക്കാരെമാത്രം ഇവിടെയെത്തിച്ച് ക്വാറന്റൈനിലാക്കി കളിപ്പിക്കുകയും കൂടാതെ വിദേശത്തുനിന്നുള്ള ആരാധകരെ ഒഴിവാക്കി ഓസ്ട്രേലിയന്‍ ആരാധകരെ മാത്രം പങ്കെടുപ്പിച്ചു ടൂര്‍ണമെന്റ് നടത്താം എന്നുള്ള അവസ്ഥയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന എടിപി ടൂറും വനിതകളുടെ മത്സരങ്ങള്‍ നടത്തുന്ന ഡബ്ല്യുടിഎയും ജൂലൈ പകുതി വരെ എല്ലാ മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. 2020ല്‍ ഇനി ശേഷിക്കുന്ന ടൂര്‍ണമെന്റുകള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവരുമോയെന്നു സംശയവും ഉയരുന്നുണ്ട്. ഇക്കാര്യം ടൈലി നേരത്തെ പറഞ്ഞിരുന്നതാണ്.