മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറി തുടരുന്നു. റോജർ ഫെഡറർ പുറത്തായതിനു പിന്നാലെ വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ റൊമാനിയയുടെ സിമോണ ഹാലെപ്പും മടങ്ങി. മുൻ ലോക ഒന്നാം നന്പർ താരമായ സെറീന വില്യംസ് ആണ് ഹാലെപ്പിനെ പ്രീക്വാർട്ടറിൽ കീഴടക്കിയത്. പുരുഷ വിഭാഗത്തിലും രണ്ട് അട്ടിമറികൾ അരങ്ങേറി.
നാലാം സീഡായ അലക്സാണ്ടർ സ്വരേവും 11-ാം സീഡായ ബൊർന കോറിക്കും പ്രീക്വാർട്ടറിൽ പുറത്തായി. അതേസമയം, ലോക ഒന്നാം നന്പർ പുരുഷ താരമായ നൊവാക് ജോക്കോവിച്ച്, ജാപ്പനീസ് താരങ്ങളായ കെയ് നിഷികോരി, നവോമി ഒസാക്ക തുടങ്ങിയവർ ക്വാർട്ടറിൽ കടന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഹാലെപ്പിന് പുറത്തേക്കുള്ള വഴി സെറീന ഒരുക്കിയത്.
സ്കോർ: 6-1, 4-6, 6-4. സെറീനയുടെ ചേച്ചി വീനസിനെ കീഴടക്കിയായിരുന്നു ഹാലെപ്പ് പ്രീക്വാർട്ടറിൽ കടന്നത്. യുഎസ് ഓപ്പണ്‍ ജേതാവായ ജാപ്പനീസ് താരം നവോമി ഒസാക്ക ലാത്വിയയുടെ സെവസ്റ്റോവയെ കീഴടക്കി ക്വാർട്ടറിൽ കടന്നു. ഒരു സെറ്റിനു പിന്നിൽനിന്നശേഷം 4-6, 6-3, 6-4നായിരുന്നു ഒസാക്കയുടെ ജയം.
ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ സ്പെയിനിന്റെ ഗാർബിനെ മുഗുരുസയെ 6-3, 6-1നു കീഴടക്കി അവസാന എട്ടിൽ ഇടംപിടിച്ചു. യുക്രെയ്നിന്റെ എലിന സ്വിറ്റോളിന അമേരിക്കയുടെ കെയ്സിനെ കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. ഒസാക്കയാണ് സ്വിറ്റോളിനയുടെ ക്വാർട്ടർ എതിരാളി.
പുരുഷ വിഭാഗം സിംഗിൾസിൽ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ച് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ കീഴടക്കി. സ്കോർ: 6-4, 6-7(5-7), 6-2, 6-3. നാലാം സീഡായ ജർമൻ താരം സ്വരേവിനെ കീഴടക്കിയത് കാനഡയുടെ റോണിക് ആണ്. 16-ാം സീഡായ റോണിക് 6-1, 6-1, 7-6(7-5)നാണ് വെന്നിക്കൊടി പാറിച്ചത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ സ്പെയിനിന്റെ പാബ്ലൊ കറേനൊ ബുസ്തയെ കീഴടക്കി നിഷികോരി ക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ രണ്ട് സെറ്റ് കൈവിട്ടശേഷമായിരുന്നു ജാപ്പനീസ് താരത്തിന്റെ മടങ്ങിവരവ്. സ്കോർ: 6-7(8-10), 4-6, 7-6(7-4), 6-4, 7-6(10-8). ക്രൊയേഷ്യൻ താരമായ കോറിക്കിനെ ഫ്രാൻസിന്റെ ലൂക്കാസ് പൗലെയാണ് പ്രീക്വാർട്ടറിൽ അട്ടിമറിച്ചത്.