മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണിൽ വെള്ളിയാഴ്ച കടന്നുപോയത് അട്ടിമറിദിനം എന്ന വിശേഷണത്തോടെ. വനിതാ വിഭാഗം സിംഗിൾസിൽ നിലവിലെ ചാന്പ്യനും മുൻ ഒന്നാം നന്പർ താരവുമായ ജപ്പാന്റെ നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ പുറത്തായി.
മുൻ ചാന്പ്യൻ സെറീന വില്യംസ്, അമേരിക്കയുടെ 10-ാം സീഡ് താരം മാഡിസണ്‍ കീസ്, ഡെന്മാർക്കിന്റെ കരോളിന വോസ്നിയാസ്കി, പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം ബൗട്ടിസ്റ്റ് അഗട്ട്, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരും ഇന്നലെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ തലകുനിച്ചു.
പതിനഞ്ചുകാരിയായ അമേരിക്കൻ താരം കൊകൊ ഗഫിനോട് പരാജയപ്പെട്ടാണ് ഒസാക്ക പുറത്തായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഗഫിന്റെ ജയം. സ്കോർ: 6-3, 6-4. ആദ്യ റൗണ്ടിൽ അമേരിക്കയുടെ വീനസ് വില്യംസിനെ കീഴടക്കിയായിരുന്നു ഗഫ് ഓസ്ട്രേലിയൻ ഓപ്പണ്‍ പോരാട്ടത്തിനു തുടക്കമിട്ടത്.
ചൈനയുടെ വാങ് ക്വിയാങ്ങിനോട് ഒന്നിനെതിരേ രണ്ട് സെറ്റുകൾക്കാണ് സെറീന പരാജയപ്പെട്ടത്. സ്കോർ: 6-4, 2-6, 7-5. അതേസമയം, ഒന്നാം സീഡായ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി, ഏഴാം സീഡ് പെട്ര ക്വിറ്റോവ എന്നിവർ നാലാം റൗണ്ടിൽ കടന്നു.
വീഴാതെ ഫെഡറർ
റോജർ ഫെഡറർ ശക്തമായ പോരാട്ടത്തിനൊടുവിലാണ് നാലാം റൗണ്ട് ഉറപ്പിച്ചത്. ഓസ്ട്രേലിയയുടെ ജോണ്‍ മിൽമാനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററിന്റെ ജയം. സ്കോർ: 4-6, 7-6 (7-2), 6-4, 4-6, 7-6 (10-8). സെർബിയയുടെ നൊവാക് ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാന്റെ നിഷിയോകയെ കീഴടക്കി നാലാം റൗണ്ടിലെത്തി. 6-3, 6-2, 6-2നായിരുന്നു ജോക്കോവിച്ചിന്റെ ജയം.
ആറാം സീഡായ സ്റ്റാഫെനോസ് സിറ്റ്സിപാസ് കാനഡയുടെ മിലോസ് റാവോണിച്ചിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഗ്രീക്ക് താരം പരാജയപ്പെട്ടത്. സ്കോർ: 7-5, 6-4, 7-6 (7-2).