
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സെമി ഫൈനലില്‍ റോജര്‍ ഫെഡറര്‍ – നൊവാക് ജോക്കോവിച്ച് പോരാട്ടം. തോല്‍വി മുന്നില്‍കണ്ട മത്സരത്തില്‍നിന്ന് രക്ഷപ്പെട്ടാണ് ഫെഡറര്‍ സെമിയിലെത്തിയത്. സ്വിറ്റ്സര്‍ലന്‍ഡ് താരത്തിന്റെ കരിയറിലെ തന്നെ രക്ഷപ്പെടലുകളിലൊന്നായിരുന്നു ടെന്നിസ് സാന്ഡ്ഗ്രെനെതിരേയുള്ള മത്സരം.
കളത്തില്‍ സ്വതവേ ശാന്തസ്വഭാവക്കാരനായ ഫെഡറര്‍ക്ക് മോശം വാക്കുകള്‍ പ്രയോഗിച്ചതിനും അടിവയറിലെ പരിക്കിന് മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചതിനും താക്കീത്് ലഭിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 2-6, 2-6, 7-6(10-8), 6-3നായിരുന്നു ഫെഡററുടെ ജയം.
തുടര്‍ച്ചയായി രണ്ടു സെറ്റ് നഷ്ടപ്പെട്ട ഫെഡറര്‍ ഏഴു മാച്ച് പോയിന്റുകളില്നിന്നാണ് രക്ഷപ്പെട്ടത്. കെന്‍ റോസ് വാളിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരമാണ് മുപ്പത്തിയെട്ടുകാരനായ ഫെഡറര്‍. 43 വര്‍ഷം മുമ്പാണുകെന് റോസ്വാൾ ഈ നേട്ടം കൈവരിച്ചത്.
മെല്‍ബണ്‍ പാര്‍ക്കില്‍ ഫെഡറര്‍ നേടുന്ന 102-ാമത്തെ ജയമാണ്. ജയിച്ച ഗ്രാന്സ്ലാം മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഫെഡറര്‍ വിംബില്ഡണിനെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മറികടന്നു.
രണ്ടു പതിറ്റാണ്ടായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കുന്ന ഫെഡറര്‍ 2000ല്‍ 54-ാം റാങ്കിലുള്ള അര്‍നോഡ് ക്ലെമന്റിനോട് തോറ്റശേഷം നൂറില്‍താഴെ റാങ്കിലുള്ളവരോട് തോറ്റിട്ടില്ല. സാന്‍ഡ്ഗ്രെന്‍ 100-ാം റാങ്കിലാണ്. 15-ാം തവണയാണ് സ്വിസ്താരം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
അധികമൊന്നും പേരുകേള്‍ക്കാത്ത അമേരിക്കന്‍ താരം 20 ഗ്രാന്‍സ് ലാം നേടിയ ഫെഡറര്‍ക്കെതിരേ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.ആദ്യ ക്വാര്‍ട്ടറില്‍ ഫെഡറര്‍ വളരെ ബുദ്ധിമുട്ടി ജയിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന്റെ ജയം അനായാസമായിരുന്നു. ജോക്കോവിച്ച് 6-4, 6-3, 7-6(7-1)ന് മിലോസ് റോണിക്കിനെ തോല്‍പ്പിച്ചു.