മെൽബണ്‍: ചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കാതെ സെർബിയയുടെ മിന്നും താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് സെമിയിൽനിന്നു പിന്മാറി.
25-ാം ഗ്രാൻസ്ലാം കിരീടമെന്ന റിക്കാർഡ് നേട്ടം കൈയെത്തും ദൂരത്ത് നഷ്ടമാക്കിയാണ് മുപ്പത്തേഴുകാരനായ ജോക്കോ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽനിന്ന് പിന്മാറിയത്.
ഇന്നലെ നടന്ന ആദ്യസെമിയിൽ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവുമായുള്ള മത്സരത്തിൽ ആദ്യസെറ്റ് നഷ്ടമായതോടെയാണ് ജോക്കോ മത്സരത്തിൽനിന്ന് പിൻമാറിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലാണ് ജോക്കോ സെറ്റ് വിട്ടുകൊടുത്തത്. സ്കോർ: 6-7(5-7).
ആരാധകരുടെ കൂവൽ
അതേസമയം, ജോക്കോവിച്ചിന്റെ പിൻമാറ്റത്തെത്തുടർന്ന് ഒരുകൂട്ടം ആരാധകർ കൂവി വിളിച്ചു. ടിക്കറ്റ് ചാർജ് മുതലായില്ലെന്ന ആക്ഷേപവും അവർ നടത്തി. ക്വാർട്ടറിൽ കാർലോസ് അൽകരാസുമായുള്ള മത്സരത്തിലാണ് ജോക്കോയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസവും അദ്ദേഹം പരിശീലനത്തിനിറങ്ങിയില്ല. പരിക്കുമായി മൂന്നു മണിക്കൂറോളം കളിക്കുന്നതിലും പിന്മാറുന്ന തീരുമാനമായിരുന്നു ശരിയെന്ന് സ്വരേവ് പ്രതികരിച്ചു.
സിന്നർ x സ്വരേവ്
ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടം ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറും ജർമനിയുടെ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവും തമ്മിൽ.
ഇന്നലെ നടന്ന ആദ്യസെമിയിൽ നൊവാക് ജോക്കാവിച്ച് പരിക്കിനെത്തുടർന്ന് പിൻമാറിയതോടെ സ്വരേവ് കന്നി ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ സിന്നർ യുഎസിന്റെ 21-ാം സീഡ് ബെൻ ഷെൽട്ടണെ 7-6, 6-2, 6-2ന് തകർത്ത് തുടർച്ചയായ രണ്ടാം ഫൈനലിൽ കടന്നു. ഞായറാഴ്ച റോഡ് ലേവർ അരീനയിലാണ് ഫൈനൽ മത്സരം നടക്കുന്നത്.
2024 യുഎസ് ഓപ്പണ്‍, ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവാണ് സിന്നർ. 2020 യുഎസ് ഓപ്പൺ, 2024 ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ പരാജയപ്പെട്ട സ്വരേവ് കന്നി ഗ്രാൻസ്ലാം കിരീടത്തിനായാണ് കോർട്ടിലെത്തുന്നത്.
വനിതാ കിരീടം ഇന്നറിയാം …
ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം ആർക്കെന്ന് ഇന്നറിയാം. ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നന്പർ താരം അരീന സബലെങ്ക യുഎസിന്റെ 19-ാം സീഡ് മാഡിസൻ കീസിനെ നേരിടും.
റോഡ് ലേവർ അരീനയിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം. തുടർച്ചയായ മൂന്നാം ഓസ്ട്രേലിയൻ ഓപ്പണാണ് സബലെങ്കയുടെ ലക്ഷ്യം. രണ്ടാം സീഡ് ഇഗ ഷ്യാങ്ടെക്കിനെ അട്ടിമറിച്ചെത്തിയ കീസിന്റെ ലക്ഷ്യം കന്നി ഗ്രാൻസ്ലാമാണ്.