മെൽബണ്‍: മുപത്തേഴുകാരനായ ജോക്കോവിച്ചിനു മുന്നിൽ ഇരുപത്തൊന്നുകാരനായ കാർലോസ് അൽകരാസിനു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഒരു സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചെത്തി മെൽബണിലെ റോഡ് ലേവർ അരീനയിൽ വിന്റേജ് ജോക്കോ ജയം.
ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ സെർബിയയുടെ ഏഴാം സീഡ് നൊവാക് ജോക്കോവിച്ച് സ്പെയിനിന്റെ മൂന്നാം സീഡ് കാർലോസ് അൽകരാസിനെ തകർത്ത് സെമിയിലേക്കു മുന്നേറി.
അൽകരാസിനെ നാല് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജോക്കോ അടിയറവ് പറയിച്ചത്. സ്കോർ: 4-6, 6-4, 6-3, 6-4.
ജോക്കോ @ 50
ഗ്രാൻസ്ലാമിൽ നൊവാക് ജോക്കോവിച്ചിന്റെ 50-ാം സെമി ഫൈനൽ പ്രവേശമാണ്. ഓസ്ട്രേലിയൻ ഓപ്പണ്‍ 10 തവണ സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ 12-ാം ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയും. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് സെമിയിൽ ജോക്കോയുടെ എതിരാളി.
ലോക രണ്ടാം നന്പർ താരം ജർമനിയുടെ അലക്സാണ്ടർ സ്വരേവ് 12-ാം സീഡ് യുഎസ്എയുടെ ടോമി പോളിനെ 7-6, 7-6, 2-6, 6-1ന് തോൽപ്പിച്ചാണ് തുടർച്ചയായ രണ്ടാം വർഷവും ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ കടന്നത്.
ഗൗഫിനെ അട്ടിമറിച്ചു
വനിത സിംഗിൾസിൽ സ്പെയിന്റെ പൗലോ ബഡോസ (7-5, 6-4) നേരിട്ടുള്ള സെറ്റുകൾക്ക് കൊക്കോ ഗൗഫിനെ അട്ടിമറിച്ച് സെമിയിൽ പ്രവേശിച്ചു. കരിയറിലെ ആദ്യ ഗ്രാൻസ്ലാം സെമിയിൽ പ്രവേശിച്ച ബഡോസ, ഗ്രാൻസ്ലാം ടൂർണമെന്റിൽ ആദ്യ പത്ത് റാങ്കിനുള്ളിലെ താരത്തെ പരാജയപ്പെടുത്തുന്നതും ആദ്യം.
2023ൽ ലോക രണ്ടാം നന്പർ താരമായിരുന്ന ബഡോസ കഴിഞ്ഞ രണ്ടു വർഷമായി പരിക്കിന്റെ പിടിയിലകപ്പെട്ട് 140-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2024 അവസാനത്തോടെ കോർട്ടിൽ തന്റെ പ്രതാപകാലത്തേക്ക് തിരിച്ചെത്തിയ 27കാരിയായ ബഡോസയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ടൂർണമെന്റ്.
ബെലാറൂസിന്റെ ഒന്നാം നന്പർ അരീന സബലെങ്കയും സെമിയിൽ പ്രവേശിച്ചു. റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവിനെ 6-2, 2-6, 6-3നാണ് സബലങ്ക ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ, ചൈനയുടെ സ്വാങ് ഷൂയ് സഖ്യം ക്വാർട്ടറിൽ ആദ്യ സെറ്റ് നേടിയ ശേഷം തോൽവി വഴങ്ങി പുറത്തായി.