മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം. ഏഴാം സീഡായ ജോക്കോവിച്ച് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ വംശജനായ യുഎസ്എയുടെ നിഷേഷ് ബസവറെഡിയെ തോൽപ്പിച്ചു.
19കാരനായ നിഷേഷിനോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ലോക ഏഴാം നന്പർ താരം ജോക്കോവിച്ച് മത്സരം തിരിച്ചുപിടിച്ചത്. 10 പ്രാവശ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ചിന് ശക്തമായ വെല്ലുവിളിയാണ് നിഷേഷ് ഉയർത്തിയത്. സ്കോർ: 4-6, 6-3, 6-4, 6-2. ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നർ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ചിലിയുടെ നിക്കോളാസ് ജാരിയെ വീഴ്ത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 7-6, 7-6, 6-1നായിരുന്നു സിന്നറിന്റെ ജയം.
മൂന്നാം സീഡും നാല് തവണ ഗ്രാൻഡ്സ്ലാം കിരീട ജേതാവുമായ സ്പെയിന്റെ കാർലോസ് അൽകരാസ് കസാക്കിസ്ഥാന്റെ അലക്സാണ്ടർ ഷെവ്ചെങ്കോയെ 6-1, 7-5, 6-1നു മറികടന്ന് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, ഗ്രീസിന്റെ ലോക 12-ാം നന്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ച് യുഎസ്എയുടെ അലക്സ് മിച്ചൽസണ്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 6-3, 2-6 സ്കോറിനായിരുന്നു മിച്ചൽസണ്ന്റെ ജയം.
10-ാം സീഡായ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ ഇറ്റലിയുടെ ഫ്രാൻസെസ്കോ പാസ്സരോയും 27-ാം സീഡായ ഓസ്ട്രേലിയയുടെ ജോർദാൻ തോംപ്സണെ ജർമനിയുടെ ഡൊമിനിക് കോപ്ഫെറും ആദ്യ റൗണ്ടിൽ അട്ടിമറിച്ചു. സ്പെയിന്റെ റോബർട്ടോ കാർബെൽസ് ബെയ്ന ചിലിയുടെ 23-ാം സീഡായ അൽജാൻഡ്രോ ടാബിലോയെ മറികടന്ന് രണ്ടാം റൗണ്ടിൽ ഇടം നേടി.
ഷ്യാങ്ടെക്, ഒസാക്ക വനിതാ സിംഗിൾസിൽ പോളണ്ടിന്റെ രണ്ടാം സീഡായ ഇഗ ഷ്യാങ്ടെക് (6-3, 6-4) നേരിട്ടുള്ള സെറ്റുകൾക്ക് കത്രീന സിനിയകോവയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മൂന്നാം സീഡായ കോകോ ഗൗഫും (6-3, 6-3) നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം സോഫിയ കെന്നിനെ മറികടന്നു. റഷ്യയുടെ പന്ത്രണ്ടാം സീഡ് താരം ഡയാന സ്നൈഡർ 7-6, 6-4 സ്കോറിന് ഇറ്റലിയുടെ എലിസബെറ്റ കോക്കിയരെറ്റോയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ജാപ്പനീസ് താരം നവോമി ഒസാക്കയും രണ്ടാം റൗണ്ടിലേക്കു മുന്നേറി.