അമ്മ പുരുഷനായി, മകന്‍ സ്ത്രീയായി! അകറ്റി നിര്‍ത്തേണ്ടവരല്ല, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് തെളിയിക്കാനുറച്ച് ഒരു കുടുംബം

ട്രാന്‍ജെന്‍ഡറുകളെ അകറ്റി നിര്‍ത്തിയേ, ഇന്ത്യന്‍ ജനത, പ്രത്യേകിച്ച്, മലയാളികള്‍ ശീലിച്ചിട്ടുള്ളു. അവരെ മനുഷ്യരായി കണക്കാക്കാന്‍ പോലും പലര്‍ക്കും മടിയാണ്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ജോലി ചെയ്ത് മാന്യമായ ജീവിതം നയിക്കാന്‍ അവര്‍ക്ക് കാലമിത്രയും പുരോഗമിച്ചിട്ടും സാധിക്കുന്നുമില്ല. ട്രാന്‍സ്ജെന്‍ഡറുകളോടുള്ള പൊതുബോധം മുന്‍ കാലങ്ങളിലേക്കാള്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സമൂഹത്തിലെ പൊതുമേഖലകളില്‍നിന്നും അവര്‍ അകറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് ഒരു രോഗമോ, ശാപമോ അല്ലെന്നും, സ്ത്രീ, പുരുഷന്‍ എന്നിവ പോലെതന്നെയുള്ള ഒരു അവസ്ഥയാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഒസ്‌ട്രേലിയക്കാരായ ദമ്പതികള്‍.

മകന്‍ മകളായും അമ്മ പുരുഷനായും സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ് ഇവര്‍. കോറി മെയ്സണ്‍ എന്നു പേരുള്ള പതിമൂന്നുകാരനായിരുന്ന മകനും അമ്മ എറികാ മെയ്സണുമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ലൈംഗികതയില്‍ മാറ്റം വരുത്തിയത്. തനിക്ക് പതിമൂന്ന് വയസ്സായപ്പോഴാണ് തന്റെയുള്ളില്‍ പെണ്‍മനസ്സാണെന്ന് കോറി മെയ്സണ്‍ തിരിച്ചറിയുന്നത്. പുറത്ത് പറയുന്നതില്‍ ആദ്യം പേടിതോന്നിയെങ്കിലും ധൈര്യസമേതം രക്ഷിതാക്കളോട് തനിക്ക് പെണ്ണാകണമെന്ന് കോറി തുറന്ന് പറയുകയായിരുന്നു. എന്നാല്‍ കാര്യം തുറന്ന് പറഞ്ഞതോടുകൂടി കുടുംബത്തിനുള്ളില്‍ മറ്റൊരു സന്തോഷ വാര്‍ത്തയും കൂടി വന്നു. ഏറെ കാലമായി പുരുഷനാകണമെന്ന് ആഗ്രഹിച്ച അമ്മ എറികാ മെയ്സണ്‍ തനിക്ക് ആണാകണമെന്ന തന്റെ താത്പര്യം കൂടി പങ്കുവെച്ചു.

കഴിഞ്ഞ വര്‍ഷം പുരുഷനായി മാറിയ എറികാ, എറിക് മെയ്സണ്‍ എന്ന പേര് സ്വീകരിച്ചു. സ്ത്രീയായി ജീവിക്കുന്നതും ഗര്‍ഭിണിയാകുന്നതും എന്നും വെറുത്തിരുന്നെന്നും ചെറുപ്പത്തില്‍ കാന്‍സര്‍ വന്നിട്ടെങ്കിലും സ്തനങ്ങള്‍ നീക്കം ചെയ്യണമെന്ന് തോന്നിയിരുന്നതായും ഐറിക് വെളിപ്പെടുത്തി. ഈ തോന്നല്‍ നേരത്തെ തോന്നാത്തതിലുള്ള സങ്കടവും എറിക് മാധ്യമങ്ങളോട് പങ്കുവെച്ചു. കോറിക്ക് തന്റെ ആണ്‍വേഷം കാണുന്നതുതന്നെ ഇഷ്ടമല്ല. പഴയ തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പെണ്ണായതില്‍ തന്റെ ജീവിതത്തിന് വെളിച്ചം വന്നതായും അവള്‍ മാധ്യമങ്ങളോട് പറഞ്ഞു. മകനും ഭാര്യയും ലിംഗമാറ്റത്തിനുള്ള തീരുമാനം എടുത്തിട്ടും ഭര്‍ത്താവ് ലെസ് ബ്രൗണ്‍ ഒരു തരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഞാന്‍ സ്നേഹിച്ചത് എറിക് എന്ന വ്യക്തിയെയാണെന്നും അവള്‍ തന്റെ രൂപത്തില്‍ സംതൃപ്തിയാണെങ്കില്‍ ഞാനും സംതൃപ്തനാണെന്നുമാണ് ലെസ് പറഞ്ഞത്.

 

Related posts