വിനോദ സഞ്ചാരത്തിനും വ്യവസായ ആവശ്യങ്ങള്‍ക്കുമായി ഓസ്ട്രേലിയ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള സബ്ക്ലാസ് 600 സന്ദര്‍ശക വിസ ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന് അറിയിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈയിലുള്ളവര്‍ക്കാണ് ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ സബ് ക്ലാസ് 600 സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാവുന്നത്.
ന്യൂഡല്‍ഹി, മുംബൈ നോര്‍ത്ത്, സൗത്ത്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍,ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഡ്, കൊച്ചി, അഹമ്മദാബാദ്, പൂനൈ, ജലന്തര്‍, എന്നിവിടങ്ങളിലുള്ള ഓസ്ട്രേലിയന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഈ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി 53,199 ഇന്ത്യന്‍ രൂപ അധികം നല്‍കേണ്ടി വരും. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാകും എന്നാണ് പറയപ്പെടുന്നതെങ്കിലും ഈ സമയത്തിനുള്ളില്‍ വിസ അനുവദിച്ച് നല്കാന് സാധിക്കാത്ത പക്ഷം അടച്ച പണം തിരിച്ച് നല്‍കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അപേക്ഷ കൈപ്പറ്റിക്കഴിഞ്ഞേ 48 മണിക്കൂര്‍ കണക്കാക്കാന്‍ തുടങ്ങു. ഇതിനായി രണ്ടോ മൂന്നോ ദിവസത്തെ കാലതാമസം ഉണ്ടായേക്കാം. അടിയന്തര സാഹചര്യങ്ങളില്‍ മാനുഷിക പരിഗണന കണക്കിലെടുത്ത് 1000 ഡോളര്‍ വരെ ഫീസില്‍ നിന്ന് ഇളവ് ലഭിക്കുന്നതുമാണ്. അതാത് സംസ്ഥാനത്തുള്ള എവിഎസിയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സമര്‍പ്പിച്ച അപേക്ഷയുടെ പുരോഗതി വിഎഫ്എസ് ഗ്ലോബലിന്റെ വെബ്സൈറ്റിലൂടെയും +91 022 67866006 എന്ന നമ്പറില്‍ നിന്നും അറിയാം.