അങ്കമാലി: കോവിഡ് കാലത്തെ ആളകലവും കുട്ടിയാനയും തമ്മിലെന്ത്? രണ്ടും തമ്മിൽ ബന്ധമുണ്ടെന്നു പറയുകയാണു ഓസ്ട്രിയയിൽ നിന്നുള്ള ഒരു തപാൽ സ്റ്റാന്പ്.
ആളകകലത്തെക്കുറിച്ച് ഓർമിപ്പിക്കാൻ കുട്ടിയാനയുടെ ചിത്രമുള്ള തപാൽ സ്റ്റാന്പാണ് അവർ പുറത്തിറക്കിയത്.
രണ്ടു പേർ സംസാരിക്കുന്പോൾ അവർക്കിടയിൽ ഒരു കുട്ടിയാനയ്ക്കു നിൽക്കാനുള്ള അകലം ഉണ്ടാകണമെന്നാണു സ്റ്റാന്പിലെ സന്ദേശം.
ഒരു മീറ്റർ ആളകലത്തിന്റെ ആവശ്യകത കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ മനസിൽ എളുപ്പത്തിൽ പതിയാൻ കുട്ടിയാന സ്റ്റാന്പ് സഹായിച്ചെന്നാണ് ഓസ്ട്രിയൻ തപാൽ വകുപ്പ് അവകാശപ്പെടുന്നത്.
കൗതുകവും കാര്യവുമുള്ള സന്ദേശമടങ്ങിയ സ്റ്റാന്പ് കേരളത്തിനു പരിചയപ്പെടുത്തിയതു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തപാൽ മുദ്രകൾ ശേഖരിക്കുന്നതു വിനോദമാക്കിയ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ സീനിയർ പിആർഒ ആൻഡ് മീഡിയ റിലേഷൻസ് ഓഫീസർ ഷൈജു കുടിയിരിപ്പിലാണ്.
പത്തു സെന്റിമീറ്റർ നീളമുള്ള മിനിയേച്ചർ സ്റ്റാന്പ് ഷീറ്റിലാണ് ഈ തപാൽമുദ്ര ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ സന്ദേശം പങ്കുവയ്ക്കാൻ ഇതുവരെ വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ തപാൽ മുദ്രകളിൽ ഭൂരിഭാഗവും ഷൈജുവിന്റെ ശേഖരത്തിലുണ്ട്.
ഈ വിഷയത്തിൽ വിയറ്റ്നാം, മൊറോക്കോ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ തപാൽ മുദ്രകൾ പുറത്തിറക്കിയിട്ടുണ്ടെന്നു ഷൈജു പറയുന്നു.
കൈകൾ വൃത്തിയാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന സിംഗപ്പൂരിന്റെ കോവിഡ് തപാൽമുദ്രകൾ ഷൈജുവിന്റെ ശേഖരത്തിൽ എത്തിക്കഴിഞ്ഞു.