ഒറിഗണ്‍: ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന തലക്കെട്ടോടെ വിപണിയില്‍ എത്തിയ നോവല്‍ വന്‍ഹിറ്റായിരുന്നു. യു.എസിലാണ് നോവല്‍ പുറത്തിറക്കിയത്. എന്നാല്‍ നോവലിലെ കാര്യങ്ങള്‍ എഴുത്തുകാരി ജീവിതത്തിലും പരീക്ഷിച്ചപ്പോള്‍ നിര്‍ഭാഗ്യവാനായ അവരുടെ ഭര്‍ത്താവിന് ജീവന് നഷ്ടമായി.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ എഴുത്തുകാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കാല്പനിക എഴുത്തുകാരി നാന്‍സി ക്രാംപ്റ്റണ്‍ ബ്രോഫി(68)യാണ് ഒറിഗനിലെ പോര്‍ട്ട്ലാന്‍ഡ് പോലീസിന്റെ പിടിയിലായത്.
നാന്‍സിയുടെ ഭര്‍ത്താവും പാചകാധ്യാപകനുമായിരുന്ന ഡാനിയേല്‍ സി ബ്രോഫി വെടിയേറ്റാണ് മരിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ഇരുവരും 26 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നവരാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം തീവ്രമായ ദുഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ നാന്‍സി കുറിപ്പിട്ടിരുന്നു.
മാത്രമല്ല മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ നാന്‍സിയാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ കൊലപാതകം നടത്തിയത് നാന്‍സിയാണെന്ന് സ്വകാര്യ കുറ്റാന്വേഷകര്‍ പറയുന്നു.
കൊലപാതകത്തിന് പുറമെ നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചതിനും നാന്‍സിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എഴുതിപ്പിടിപ്പിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കിയാല്‍ ഇങ്ങനെയും ചില ദോഷങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവം.