സാഹിത്യകാരന്‍മാരിലെ നവോത്ഥാന നായകര്‍ക്ക് അടിതെറ്റുകയാണോ? സോഷ്യല്‍മീഡിയയിലെ വിപ്ലവം പ്രസംഗിച്ച ദീപ നിശാന്തും എം.ജെ. ശ്രീചിത്രനും കവിത മോഷണത്തില്‍ പിടിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലേഖന മോഷണത്തില്‍ ഇടതുചിന്തകന്‍ സുനില്‍ പി. ഇളയിടവും ആരോപണ നിഴലിലാണ്. എഴുത്തുകാരന്‍ രവിശങ്കര്‍ എസ്. നായര്‍ ആണ് തെളിവുസഹിതം രംഗത്തെത്തിയിരിക്കുന്നത്. ദീപ നിശാന്തിന്റെ കവിതാ വിവാദത്തിന് ഒരുമാസം മുമ്പാണ് രവിശങ്കര്‍ തെളിവുകള്‍ സഹിതം ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. അന്ന് പലരും അവഗണിച്ചെങ്കിലും ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ് വിവാദം.
സുനില്‍ പി ഇളയിടത്തിന്റെ ‘അനുഭുതികളുടെ ചരിത്ര ജീവിതം’ എന്ന പുസ്തകത്തിലെ ‘ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’ എന്ന ലേഖനം ഓക്സഫോര്‍ഡ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ഭരതനാട്യം എ റീഡല്‍ എന്ന പുസത്കത്തിലെ പദാനുപദ തര്‍ജ്ജമയാണെന്നാണ് രവിശങ്കര്‍ എസ് നായര്‍ ഉന്നയിക്കുന്നത്.
രവിശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ”ഇളയിടത്തിന്റെ ലേഖനത്തില്‍ പ്രഭവം സൂചിപ്പിക്കാതെ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്ന മൂന്നു വലിയ ഖണ്ഡികകള്‍ എന്റെ ലേഖനത്തിന്റെ ആദ്യഭാഗത്തു തന്നെ ചേര്‍ത്തിരുന്നു. ഇത് കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് പലരും കമന്റ് എഴുതുന്നത്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ചേര്‍ക്കാന്‍ കഴിയുമെന്നും സ്ഥലപരിമിതി കാരണമാണ് അതു ചെയ്യാത്തത് എന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു.
താന്‍ കൃത്യമായി റഫറന്‍സ് നല്‍കുകയാണെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ഇളയിടം മറ്റൊരു തട്ടിപ്പ് നടത്തുന്നുണ്ട്. ഒരു വലിയ ഖണ്ഡികയില്‍ ഒരേ പ്രഭവത്തില്‍ നിന്നുള്ള രണ്ടു ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്നു. ഇതില്‍ രണ്ടാമത്തെതിന് റഫറന്‍സ് ചേര്‍ത്തിട്ടുണ്ട്. ഈ റഫറന്‍സ് പരിശോധിക്കുന്നവര്‍ വിചാരിക്കും ഈ ഖണ്ഡികയുടെ ഒരു ചെറിയ ഭാഗം മാത്രം മറ്റൊരിടത്തുനിന്ന് സ്വീകരിക്കുകയും അതിനു കൃത്യമായ റഫറന്‍സ് നല്‍കുകയും ചെയ്യുന്നു എന്ന്. വാസ്തവത്തില്‍, മുകളിലത്തെ വലിയ ഭാഗം കോപ്പിയടിച്ചിരിക്കുന്നത് അദ്ദേഹം വിദഗ്ധമായി മറയ്ക്കുന്നു. ഇതും ഞാന്‍ എന്റെ ലേഖനത്തില്‍ സുചിപ്പിച്ചിട്ടുണ്ട്.
ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളോടുള്ള പ്രതികരണങ്ങളെക്കാള്‍, ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ എഴുതി എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും വ്യാഖ്യനങ്ങളും ഉത്പാദിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. ഇളയിടത്തെ തകര്‍ക്കാന്‍ സങ്കികളുടെ ഗൂഢാലോചനയാണ് ഇത്, ഇളയിടത്തോട് എനിക്ക് വ്യക്തി വൈരാഗ്യമാണ്, കൊതിക്കെറുവാണ്,ശബരിമല വിഷയത്തില്‍ അദ്ദേഹത്തെ ദുര്‍ബലനാക്കാനുള്ള പദ്ധതിയാണ് തുടങ്ങിയവയാണ് പ്രധാന സിദ്ധാന്തങ്ങള്‍. ചിരിച്ചുകൊള്ളുന്നു എന്നാണ് പറയേണ്ടത്. എങ്കിലും ഞാന്‍ ഇങ്ങനെ പറയുന്നു: ഈ സിദ്ധാന്തങ്ങള്‍ക്ക് സാധുത ഉണ്ട് എന്നു കരുതുക; ഇവ തെളിയിക്കാന്‍ പറ്റുകയില്ലെങ്കിലും, എന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു സ്ഥാപിച്ചാല്‍, നിങ്ങളുടെ സിദ്ധാന്തങ്ങള്‍ തെളിയിക്കുന്നതിനു തുല്യമാണ്. അതിനാല്‍, ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ എല്ലാ സൈദ്ധാന്തികരെയും വെല്ലുവിളിക്കുന്നു.
ഗൗരവമുള്ള കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ഞാന്‍ ഇളയിടത്തെ വ്യക്തിപരമായി പരിഹസിക്കുന്നു എന്ന പരാതി പലരും ഉയര്‍ത്തിയിട്ടുണ്ട്. ഈ വിമര്‍ശനത്തെയും അത് ഉയര്‍ത്തിയവരുടെ മൂല്യങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മുന്‍പ് ഇളയിടത്തെക്കുറിച്ച് എഴുതിയ ലേഖനത്തെക്കുറിച്ചും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പലരും ഇതേ പരാതി പറ്ഞ്ഞിരുന്നു. അതെ സമയം ഞാന്‍ ഇതിനെ കാണുന്നത് മറ്റൊരു നിലപാടുതറയില്‍ നിന്നുകൊണ്ടാണ്. മലയാള നിരൂപണത്തിലെ ഹീനമായ തട്ടിപ്പുകളെക്കുറിച്ച് 2013 മുതല്‍ ഇതേ ആനുകാലികത്തില്‍ ഞാന്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഡോ. എം. ലീലാവതി, കെ.ഇ.എന്‍, ആഷാമേനോന്‍, എം. കെ ഹരികുമാര്‍, സുനില്‍ പി. ഇളയിടം എന്നിവരെ കുറിച്ച് എഴുതിയ ലേഖനങ്ങളില്‍ ഭാഷ കൊണ്ടും സിദ്ധാന്തം കൊണ്ടും ശാസത്രം കൊണ്ടുമൊക്കെ ആശയദാരിദ്ര്യം മറച്ചുവയ്ക്കുന്ന, മൗലികമായി ഒന്നും പറയാതെ തന്നെ വലിയ നിരൂപകരായി വാഴ്ത്തപ്പെട്ടവരെ ഞാന്‍ വിമര്‍ശിച്ചിരുന്നു. രൂക്ഷമായ ആക്ഷേപ ഹാസ്യത്തിന്റെ ഒരു ശൈലി ഇവിടെ ബോധപൂര്‍വം തന്നെ സ്വീകരിക്കുകയായിരുന്നു.
പുകഴ്ത്തലിന്റെയും വാഴ്ത്തുപാട്ടിന്റെയും വലിയ മലകള്‍ക്കു മുന്നില്‍ നിന്നുകൊണ്ടാണ് വിമര്‍ശനം ഉയര്‍ത്തേണ്ടത് എന്നതിനാലാണ് അങ്ങനെ ചെയ്തത്. അങ്ങനെയൊരു ഭാഷയില്‍ പറഞ്ഞതുകൊണ്ടാണ് അവ ശ്രദ്ധിക്കപ്പെട്ടതും. ഇളയിടം അല്ല എന്റെ വിഷയംനിരൂപണത്തിലെ തട്ടിപ്പുകളാണ്. പലരെയും കുറിച്ച് എഴുതിയ കൂട്ടത്തില്‍, അദ്ദേഹത്തെക്കുറിച്ചും എഴുതി എന്നു മാത്രം. വ്യക്തി എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും അദ്ദേഹത്തേക്കുറിച്ച് നല്ല കാര്യങ്ങളേ കേട്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ വ്യക്തിപരമായി അധിക്ഷേപിക്കേണ്ട കാര്യവുമില്ല.
എന്റെ ലേഖനംതന്നെ നേരേ ചോവ്വേ വായിക്കാതെയാണ് പലരും കമന്റ് എഴുതുന്നത്. ഇങ്ങനെയുള്ളവര്‍ രണ്ടു പുസ്തകങ്ങള്‍ താരതമ്യം ചെയ്ത് ആരോപണം ശരിയാണോ എന്നു നോക്കാന്‍ മിനക്കെടും എന്നു കരുതാന്‍ വയ്യ. പകര്‍പ്പുരചന എന്താണെന്നും, അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്താണെന്നുമുള്ളതിനെക്കുറിച്ച് അധ്യാപകര്‍ക്കു തന്നെ അവബോധമില്ല എന്നതാണ് അതിലും വലിയ പ്രശ്നം. നേരത്തേ പ്രസിദ്ധീകരിച്ച സ്വന്തം ലേഖനത്തിന്റെ ഭാഗങ്ങള്‍ പ്രഭവം സൂചിപ്പിക്കാതെ ഉപയോഗിക്കുന്നതു പോലും ഇന്ന് പകര്‍പ്പുരചനയായാണ് പരിഗണിക്കപ്പെടുക.
വാല്‍ക്കഷണം: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റ് ഇതാണ്: ‘സുനില്‍ മാഷിന്റെ പി എച്ച് ഡി പ്രബന്ധവും മോഷണമാണ് എന്ന് നാളെ ഇവര്‍ പറഞ്ഞേക്കും’… വലിയൊരു പ്രവാചകനായി ഇദ്ദേഹം വരുംകാലങ്ങളില്‍ അറിയപ്പെടും…