സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാതായതും രാത്രി കര്‍ഫ്യൂ നിലവില്‍ വരികയും ചെയ്തതോടെ ഓട്ടോ, ടാക്സികൾ ഓട്ടം നിര്‍ത്താനൊരുങ്ങുന്നു. സമീപകാലത്തെ വലിയ പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്.
സ്വന്തമായി വാഹനമുള്ളവര്‍ മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളു.
ആദ്യഘട്ടം കോവിഡ് വ്യാപനം കുറഞ്ഞസമയം പൊതുഗതാഗതം സജീവമായതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് കോവിഡ് വീണ്ടും വ്യാപിച്ചതും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതും.
അതോടെ സാധാരണ ഓട്ടവും ഇല്ലാതായി. സ്കൂള്‍ തുറക്കാത്തതിനാല്‍ കുട്ടികളുടെ സ്ഥിരം ട്രിപ്പും മുടങ്ങി. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഇവര്‍ പറയുന്നു.
ദിവസം 600-700 നും രൂപയ്ക്കിടക്ക് ഓട്ടം കിട്ടിയിരുന്നിടത്ത് ഒരു ദിവസം ചെലവ് കഴിഞ്ഞ് നൂറ് രൂപ മിച്ചം ലഭിച്ചാല്‍ ഭാഗ്യമെന്നാണ് തൊഴിലാളികളുടെ പക്ഷം.
ഇന്ധനവില, ഓട്ടോ സ്പെയര്‍ പാര്‍ട്സുകളുടെ വില എന്നിവയുടെ വര്‍ധന മൂലം ജീവിതം ദുസഹമായിക്കൊണ്ടിരിക്കെയാണ് കോവിഡ് രണ്ടാംവരവ് തിരിച്ചടിയായത്.
നിലവില്‍ ലഭിക്കുന്ന ഓട്ടത്തിന്റെ വരുമാനം ഇന്ധനം നിറയ്ക്കാന്‍ പോലും തികയുന്നില്ല. വാടകയ്ക്ക് വാഹനം എടുത്ത് ഓടിക്കുന്നവര്‍ക്ക് ഉടമസ്ഥന് നല്‍കാനുള്ള പണം കഷ്ടി.
നൂറ് രൂപയ്ക്ക് ഡീസല്‍ അടിച്ചാല്‍ പിന്നെ വാഹനങ്ങളുടെ അറ്റകുറ്റപണിയെടുക്കാന് തുക തികയില്ല. വായ്പയെടുത്ത് വാഹനം വാങ്ങിയവരുടെ തിരിച്ചടവും മുടങ്ങിയിട്ടുണ്ട്.
ഓട്ടോ, ടാക്സി മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്.
ലോക്ക്ഡൗണ്‍ കാലത്ത് മാസങ്ങളോളം വീട്ടിലിരുന്ന തൊഴിലാളികള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെയാണ് വീണ്ടും രംഗത്തിറങ്ങിയത്. ദീര്‍ഘദൂര യാത്രകള്‍ ഇല്ലാത്തതാണ് ടാക്സി മേഖലയുടെ താളം തെറ്റിക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡുകളിലും എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ആളുകളെ കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്.
ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോഴാണ് ഒരു ഓട്ടം തന്നെ കിട്ടുന്നതെന്ന് ടാക്സി തൊഴിലാളികള്‍ പറയുന്നു.