കൊച്ചി: പശ്ചിമകൊച്ചിയിലെ ചെല്ലാനം മേഖലയില്‍ മദ്യവില്‍പ്പന സജീവമാകുന്നു. പോലീസും എക്സൈസും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം.
തെക്കേ ചെല്ലാനം, മാളികപ്പറമ്പ്, ഗൊണ്ടുപറമ്പ് മേഖലകളിലെ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് മദ്യവില്പന നടത്തുന്നത്.
ലോക്ഡൗണ്‍ നാളുകളില്‍ സജീവമായിരുന്ന ബെവ്കോ ആപ്പിന്റെ പേരിലാണ് ഈ ഓട്ടോഡ്രൈവര്‍മാര്‍ അറിയപ്പെടുന്നതുതന്നെ.
മദ്യവില്‍പ്പന നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പേരിനൊപ്പം ആപ്പ് കൂടി ചേര്‍ത്താണ് മദ്യപന്മാര് വിളിക്കുന്നത്. ഫോണ്‍ വിളിച്ചാല്‍ 10 മിനിറ്റിനകം ആവശ്യക്കാര്‍ക്കു മുന്നില്‍ ഡ്രൈവര്‍മാര്‍ പാഞ്ഞെത്തും.
അന്ധകാരനഴി, തോപ്പുംപടി എന്നിവിടങ്ങളിലെ ബിവേറജസുകളില്‍ നിന്നാണ് ഓട്ടോഡ്രൈവര്‍മാര്‍ മദ്യം വാങ്ങി ഈ മേഖലകളില്‍ വില്‍പ്പന നടത്തുന്നത്.
ചെല്ലാനത്തുനിന്ന് ഈ സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ യഥാക്രമം 10 കിലോ മീറ്റര്‍, 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
ആവശ്യക്കാര്‍ ഏറെയുളളതുകൊണ്ടുതന്നെ ഫോണ്‍ വിളി വന്നാലുടന്‍ ഓട്ടോഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷയുമായി മദ്യശാലയിലേക്കു പുറപ്പെടും.
ഒരു കുപ്പിയില്‍ 100 മുതല്‍ 150 രൂപ വരെയാണ് ഇവര്‍ ലാഭം കൊയ്യുന്നത്. അര ലിറ്ററിന്റെ കുപ്പിക്കാണ് ഡിമാന്‍ഡ്.
ഓട്ടോറിക്ഷയില്‍ മദ്യം വാങ്ങിക്കൊണ്ടുവന്നിട്ട് ആവശ്യക്കാര്‍ക്ക് ബൈക്കില്‍ വില്പന നടത്തുന്ന ഡ്രൈവര്‍മാരുമുണ്ട്. പ്രതിദിനം അര ലിറ്ററിന്റെ 15 കുപ്പിയോളം വില്പന നടത്തുന്നവരുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഏത് അര്‍ധരാത്രിയില്‍ വിളിച്ചാലും ആവശ്യക്കാര്‍ക്ക് മദ്യം ലഭിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ഫിഷിംഗ് ഹാര്‍ബറിലെ തുച്ഛ വരുമാനക്കാരായ കൂലിപ്പണിക്കാരാണ് പലപ്പോഴും മദ്യത്തിന്റെ ആവശ്യക്കാര്‍. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
മദ്യവുമായെത്തുന്ന ഓട്ടോ ഇടറോഡുകളില്‍ കാണുമ്പോള്‍ തന്നെ ആവശ്യക്കാര്‍ ഓടിയെത്താറാണ് പതിവ്. ചിലരാകട്ടെ ഓട്ടോറിക്ഷയില്‍ ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കാറുണ്ട്.
ഞാറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് മദ്യത്തിന് ആവശ്യക്കാര്‍ ഏറെയും. ആ ദിവസങ്ങളില്‍ മദ്യത്തിന് അധിക ചാര്‍ജ് ഈടാക്കാറുമുണ്ടെന്ന് മദ്യപന്മാര് തന്നെ പറയുന്നു.
മദ്യം വാങ്ങാനെത്തുന്നവരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ വഴക്കുകൂടുന്നതും ഇവിടെ പതിവാണ്. ഇടയ്ക്കൊക്കെ മദ്യപന്മാരുടെ വീട്ടുകാരും ഓട്ടോഡ്രൈവര്‍മാരും തമ്മില്‍ വഴക്കുണ്ടാകാറുണ്ട്.
പ്രദേശങ്ങളില്‍ പോലീസ്-എക്സൈസ് പരിശോധന നടക്കാറില്ലെന്നും ആക്ഷേപമുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പു പ്രവര്‍ത്തകര്‍ പലതവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു പറയുന്നു.
സന്ധ്യയായാല്‍ മദ്യപന്മാരെക്കൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും പരാതിയുണ്ട്.
പോലീസ് വല്ലപ്പോഴും പേരിനുവേണ്ടി നടത്തുന്ന പരിശോധനയില്‍ പിടിയിലാകുന്നവരെ ഫൈന്‍ അടപ്പിച്ചു വിടുകയാണ് പതിവ്.
ഇത്തരത്തിലുള്ള പരിശോധനയില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ മദ്യവുമായി പിടിയിലായി.
ഒരു വിഭാഗം ഓട്ടോഡ്രൈവര്‍മാരുടെ പ്രവൃത്തി മൂലം ഈ സ്റ്റാന്‍ഡുകളില്‍ വര്‍ഷങ്ങളായി ഓട്ടോ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി പറയുന്നു.