അജിത് ടോം
എസ്‌യുവികള്‍ നിരത്ത് കീഴടക്കി കൊണ്ടിരുന്ന കാലത്ത് ടാറ്റയില്‍ നിന്നു പുറത്തിറങ്ങിയ എസ്‌യുവിയാണ് ടാറ്റാ ആര്യ. എന്നാല്‍, വലിയ ചലനം സൃഷ്ടിക്കാന്‍ ആര്യയ്ക്കായില്ല. എന്നാല്‍, തിരിച്ചടിയില്‍ പതറാതെയുള്ള പരിശ്രമം ചീത്തപ്പേരില്‍നിന്നും ടാറ്റയെ മോചിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് തിയാഗോ, സെസ്റ്റ് തുടങ്ങിയ മോഡലുകള്‍ക്കു ലഭിച്ച ജനപ്രീതി. ഇന്ന് ജനമനസില്‍ സ്ഥാനമുറപ്പിച്ച എസ്‌യുവികളായ ഇന്നോവയും എക്‌സ്്‌യുവിയേയും പിന്തള്ളാന്‍ ശേഷിയുള്ള കരുത്തും സ്‌റ്റൈലുമായാണ് ആര്യ ഹെക്‌സയായി പുനര്‍ജനിക്കുന്നത്.
പുറംമോടി: ആര്യയില്‍നിന്ന് അടിമുടി മാറ്റം. എന്നാല്‍, മഹീന്ദ്ര എക്‌സ്‌യുവി500നോട് സാമ്യം തോന്നിക്കുന്ന മുഖഭാഗമാണ് ഹെക്‌സയ്ക്ക്. വായു സഞ്ചാരത്തിനായി അല്പം സ്‌പേസ് നല്കി ഉയര്‍ത്തി വച്ചിരിക്കുന്ന ബോണറ്റും പിയാനോ ബ്ലാക്ക് ഗ്രില്ലും അതിനു താഴെ ഹെഡ്‌ലൈറ്റിലേക്കു നീളുന്ന ക്രോം ഫിനീഷിംഗ് സ്ട്രിപ്പും മുന്‍ഭാഗത്തിനു മാറ്റു കൂട്ടുന്നു. ബ്ലാക്ക് ഷേഡില്‍ ട്വിന്‍ ബാരല്‍ പ്രൊജക്ഷന്‍ ഹെഡ്‌ലാന്പും എല്‍ഇഡി ഇന്‍ഡിക്കേറ്ററുമുണ്ട്. ബന്പറിന്‍റെ താഴെ വലിയ എയര്‍ ഡാമുകളും വശങ്ങളിലായി ഫോഗ് ലാന്പിനൊപ്പം എല്‍ഇഡി സ്ട്രിപ്പ് ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും നല്കിയിരിക്കുന്നത് ആര്യയില്‍ നിന്നു ഹെക്‌സയെ തികച്ചും വ്യത്യസ്തമാക്കുന്നു.
ആഡംബര കാറിന്‍റെ പ്രൗഡിയിലാണ് വശങ്ങളുടെ രൂപകല്പന. ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകള്‍ക്കൊപ്പം ഗ്ലാസിന്‍റെ താഴെകൂടെ വാഹനത്തിനു ചുറ്റും നീളുന്ന ക്രോം ഫിനീഷിംഗ് ബീഡിംഗും ഡോര്‍ ഹാന്‍ഡിലില്‍ നല്കിയിരിക്കുന്ന ക്രോം ലൈനും ബ്ലാക്ക് ഫൈബര്‍ വീല്‍ ആര്‍ച്ചും ബോഡി ക്ലാഡിംഗുകളും ഉള്‍പ്പെടെ വിപുലമായ മാറ്റങ്ങളാണ് സൈഡുകളില്‍ വരുത്തിയിരിക്കുന്നത്.
റൂഫിനൊപ്പം പിന്നിലേക്ക് നീളുന്ന ബാക്ക് സ്‌പോയിലറും പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാന്പും നന്പര്‍ പ്ലേറ്റിനു മുകളിലായി ലോഗോ ആലേഖനം ചെയ്തിരിക്കുന്ന ക്രോം ഫിനീഷിംഗ് സ്ട്രിപ്പുമാണ് പിന്നിലെ മുഖ്യ ആകര്‍ഷണം.
ഉള്‍വശം: ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ഇന്‍റീരിയറാണ് ഹെക്‌സയിലുള്ളത്. ബ്ലാക്ക് ഫിനീഷിംഗ് നല്കിയിരിക്കുന്ന ഡാഷ്‌ബോര്‍ഡില്‍ അങ്ങിങ്ങായി സില്‍വര്‍ സ്ട്രിപ്പുകളും ക്രോം സ്ട്രിപ്പുകളും അഴക് പകരുന്നു. പാസഞ്ചറിനും െ്രെഡവറിനും ഏറെ ഗുണപ്രദമായ രീതിയിലാണ് വശങ്ങളിലെ എസി വെന്‍റുകള്‍ നല്കിയിരിക്കുന്നത്.
പിയാനോ ബ്ലാക്ക് ഫിനീഷിംഗില്‍ താരതമ്യേന വലുപ്പം കുറഞ്ഞ സെന്‌റര്‍ കണ്‍സോളില്‍ അഞ്ച് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്‍റ്് സിസ്റ്റവും താഴെ സെന്‍സറുകളെ നിയന്ത്രിക്കുന്നതിനുള്ള സ്വിച്ചുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും, ടു വീല്‍, ഫോര്‍ വീല്‍ മോഡുകളിലേക്ക് മാറ്റാന്‍ സാധിക്കുന്ന നോബും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലാക്ക് ലെതര്‍ ഫിനീഷിംഗ് സീറ്റുകളിള്‍ ആദ്യ രണ്ടു നിരയില്‍ ബക്കറ്റ് സീറ്റാണുള്ളത്. മുന്‍ഭാഗത്തെ ഹാന്‍ഡ് റെസ്റ്റിനുള്ളില്‍ വിശാലമായ സ്‌റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.
ലെതര്‍ ഫിനീഷിംഗ് സ്റ്റീയറിംഗ് വീലില്‍ ഓഡിയോ, കോള്‍ കണ്‍ട്രോള്‍ ബട്ടണുകളും, ക്രൂയിസ് കണ്‍ട്രോള്‍, വോയിസ് കമാന്‍ഡ് സ്വിച്ചുകളുമുണ്ട്. ക്രോം ബോര്‍ഡര്‍ നല്കിയിരിക്കുന്ന രണ്ട് അനലോഗ് മീറ്ററുകളും കൂടുതല്‍ വിവരങ്ങള്‍ നല്കുന്ന ഡിജിറ്റല്‍ മീറ്ററുമാണ് മീറ്റര്‍ കണ്‍സോളില്‍.
വീല്‍: 19 ഇഞ്ച് അഞ്ച് സ്‌പോര്‍ക്ക് അലോയി വീല്‍.
സുരക്ഷ: എസ്ആര്‍എസ് എയര്‍ ബാഗ്, എബിഎസ് ഇബിഡി ബ്രേക്കിംഗ് സംവിധാനം, ഇലക് ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിവേഴ്‌സ് കാമറ, സെന്‍സര്‍ എന്നിവ നല്കിയിട്ടുണ്ട്.
എന്‍ജിന്‍: 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹെക്‌സയുടെ കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സിലും, ആറ് സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സിലും ഹെക്‌സ പുറത്തിറങ്ങുന്നുണ്ട്.
ബേസ് മോഡലായ എക്‌സ്ഇ വേരിയന്‍റ്് 2179 സിസിയില്‍ 320 എന്‍എം ടോര്‍ക്ക് 150 പിഎസ് പവറും, എക്‌സ്എം, എക്‌സ്ടി മോഡലുകള്‍ 2179 സിസിയില്‍ 400 എന്‍എം ടോര്‍ക്ക്156പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.
മൈലേജ്: 14 കിലോമീറ്റര്‍.
വില: 12 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ (ഷോറൂം വില).