പേരാമ്പ്ര: ചക്കിട്ടപാറ പുളിക്കൽ ബേബിക്ക് വയസ് 70. ഭാര്യ ഏലിയാമ്മയ്ക്ക് 66. നൂറു ശതമാനം ഭിന്നശേഷിക്കാരനായ മകൻ ലിന്റോയ്ക്ക് 36. അഛനുമമ്മയും ഈ മകനെ പൊന്നു പോലെ നോക്കുന്നുണ്ട്. ഇവനൊരു അസുഖം വരുമ്പോഴാണു മാതാപിതാക്കളുടെ മനസ് പിടയ്ക്കുന്നത്.
ആശുപത്രിയിൽ കൊണ്ടു പോകണമെങ്കിൽ ഒട്ടും നടക്കാൻ വയ്യാത്ത ഇവനെ എടുക്കണം.
36 വർഷമായി ഈ അച്ഛനമ്മമാർ മകനെ ശുശ്രൂഷിക്കുന്നു. ആദ്യ 15 വർഷം വലിയ ബുദ്ധിമുട്ടില്ലായിരുന്നു. മരപ്പണിക്കാരനായിരുന്ന ബേബി ഒറ്റയ്ക്കു മകനെ തോളിലേറ്റി കൊണ്ടു പോകുമായിരുന്നു. ഇന്നദ്ദേഹം രോഗിയാണ്.
ഭാരം പേറാൻ വയ്യ. ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് 12 ലെ താമസക്കാരാണിവർ. വീട്ടിൽ നിന്നു റോഡിലേക്കു കയറ്റിറക്കമുള്ള 100 മീറ്റർ ഇടുങ്ങിയ നടപ്പു വഴിയുണ്ട്. രണ്ടു സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടിയാണിത്. ലിന്റോ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട ബഡ്സ് സ്കൂൾ വിദ്യാർഥിയാണ്.
പ്രധാന റോഡ് വരെ സ്കൂൾ ബസ് വരും. പക്ഷെ, വയ്യാത്ത മകനെ നിത്യവും എടുത്തു കൊണ്ടുപോകാൻ വയ്യാത്തതിനാൽ സ്കൂളിൽ വിടാനും പറ്റുന്നില്ല. നടപ്പുവഴി ഒരു ഓട്ടോറിക്ഷയ്ക്കു പോകാനുള്ള വീതിയിലാക്കി കിട്ടണം. വഴിക്ക് നിയമപരമായ അവകാശം വേണ്ട.
വില കൊടുത്തു വാങ്ങാൻ ബേബിക്ക് സാന്പത്തികവുമില്ല. ഈ ആവശ്യം അപേക്ഷയായി പലരുടേയും മുന്നിൽ വച്ചു. അവർ കനിയുന്നില്ല. ഗ്രാമ പഞ്ചായത്ത് അധികാരികളോട് പറഞ്ഞു.
സമാധാന വഴിയെ ഓരോ കാലത്തും പ്രസിഡന്റുമാർ ശ്രമിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടില്ല. വഴിക്ക് വേണ്ടിയുള്ള വാതിലുകൾ മുട്ടിയുള്ള ബേബിയുടേയും അച്ചാമ്മയുടെയും അലച്ചിൽ തുടങ്ങിയിട്ട് വർഷം ഇരുപതായി. ഇവർ വളരെ തളർന്നിരിക്കുന്നു.