ഓട്ടോസ്പോട്ട് /അജിത് ടോം
അഞ്ച് പതിറ്റാണ്ടിന്റെ പാരന്പര്യം അവകാശപ്പെടാനുള്ള ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് കൊറോള ആൾട്ടിസ്. 150ൽ അധികം രാജ്യങ്ങളിലായി ലക്ഷക്കണക്കിനു ഉപയോക്താക്കളുടെ പിന്തുണയോടെ മുന്നേറുന്ന ആൾട്ടിസിന്റെ ഏറ്റവും പുതിയ മോഡലും ടൊയോട്ട നിരത്തിലെത്തിച്ചു. സ്റ്റൈലിഷ് രൂപകല്പനയും മികച്ച എൻജിനിയറിംഗുമുൾപ്പെടെ വിപുലമായ മാറ്റങ്ങളോടെയാണ് ആൾട്ടിസ് എത്തിയിരിക്കുന്നത്.
പുറംമോടി: എയറോ ഡൈനാമിക് ഡിസൈനിംഗിൽ തീർത്ത മുൻ ഭാഗത്ത് വീതി കുറഞ്ഞു നീളം കൂടിയ ഹെഡ്ലാന്പാണ് നല്‍കിയിരിക്കുന്നത്. ഓട്ടോമാറ്റിക് പ്രൊജക്ഷൻ ഹെഡ്ലാന്പും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുമാണ് മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ഹെഡ്ലാന്പിനു സമാന്തരമായി ക്രോം ആവരണമുള്ള ഗ്രില്ലുകളും മുൻഭാഗത്തിന് അഴകു പകരുന്നു.
ഡോറുകളിലൂടെ നീളുന്ന ലൈനുകളും ക്രോം ഫിനിഷിംഗുള്ള ഡോർ ഹാൻഡിലും ബ്ലാക്ക് ഫിനിഷിംഗുള്ള ബി, സി പില്ലറുകളും വശങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്. കൂടാതെ റിയർ വ്യൂ മിററിലുള്ള ടേണ്‍ ഇൻഡിക്കേറ്ററും ക്രോം പ്ലേറ്റും പുതുമയാണ്. ആദ്യത്തെ രണ്ടു മോഡലുകളിൽ ഒഴികെ മറ്റ് മോഡലുകളിൽ 16 ഇഞ്ച് അലോയ് വീലുകളാണുള്ളത്.
പിൻഭാഗത്തും കാര്യമായ മാറ്റങ്ങളുണ്ട്. ഹെഡ്ലാന്പ് പോലെ തന്നെ വീതി കുറഞ്ഞ് നീളമേറിയ ടെയ്ൽ ലാന്പ് ബോഡിയിലും ഹാച്ച് ഡോറിലുമായി ഉറപ്പിച്ചിരിക്കുന്നു. എൽഇഡിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരു ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ക്രോം ലൈനുകളും ബന്പറിന്റെ താഴെ ഭാഗത്തുള്ള റിഫ്ലക്ടറുകളും പിൻഭാഗത്തെ മനോഹരമാക്കുന്നുണ്ട്.
ഉൾവശം: ആഡംബരപൂർണമായ ഉൾവശമാണ് കൊറോള ആൾട്ടിസിൽ ടൊയോട്ട ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോക്പിറ്റ് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ക്യാബിനിൽ ബ്ലാക്ക് ക്രീം മൾട്ടി ടോണ്‍ ഡാഷ് ബോർഡിനൊപ്പം എസി വെന്റുകളിലും സെന്റർ കണ്‍സോളിലും ഡോർ ഹാൻഡിലിലുള്ള ക്രോം കവറിംഗ് നല്‍കിയിരിക്കുന്നത് പ്രീമിയം പ്രൗഡി പകരുന്നു.
കൂടുതൽ വലുപ്പമുള്ള എസി വെന്റുകളും ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റും ഡാഷ് ബോർഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. യുഎസ്ബി, ഓക്സിലറി, ഡിവിഡി എന്നിവയ്ക്കു പുറമേ നാവിഗേഷൻ സിസ്റ്റം കാമറ സ്ക്രീനും കോക്പിറ്റിലുണ്ട്. ടോപ് എൻഡ് മോഡലുകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ യൂണിറ്റാണുള്ളത്.
ഡ്രൈവർക്കു കൂടുതൽ വിവരങ്ങൾ നല്കാൻ പര്യാപ്തമായ മീറ്റർ കണ്‍സോളാണ് ആൾട്ടിസിനുള്ളത്. രണ്ട് അനലോഗ് മീറ്ററും ഒരു ഡിജിറ്റൽ ഡിസ്പ്ലേയും നിരവധി സിഗ്നൽ ലൈറ്റുകളുമുൾപ്പെട്ടതാണ് മീറ്റർ കണ്‍സോൾ.
ടിൽറ്റ്, ടെലിസ്കോപിക് എന്നിങ്ങനെ ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീലിൽ ഫോണ്‍, മ്യൂസിക് സിസ്റ്റം, ക്രൂയിസ് കണ്ട്രോൾ എന്നീ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.
എട്ട് രീതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റിനൊപ്പം ആവശ്യത്തിനു ലെഗ് സ്പേസും നല്‍കിയാണ് ക്യാബിൻ നിർമിച്ചിരിക്കുന്നത്. റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന പിൻസീറ്റുകളും ആൾട്ടിസിന്റെ പ്രത്യേകതയാണ്.
സുരക്ഷ: ഏഴ് എസ്ആർഎസ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കണ്ട്രോൾ, ആഘാതത്തെ തടയുന്നതിനുള്ള സജ്ജീകരണങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ശക്തമായ കാബിൻ, റിയർ ഡി ഫോഗർ എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.
എൻജിൻ: 1.8 ലിറ്റർ ഡുവൽ വിവിടി-ഐ പെട്രോൾ എൻജിനിലും 1.4 ലിറ്റർ ഡീസൽ എൻജിനിലുമാണ് ആൾട്ടിസ് പുറത്തിറക്കുന്നത്. പെട്രോൾ എൻജിൻ 1798 സിസിയിൽ 138.08 ബിഎച്ച്പി കരുത്തും 173 എൻഎം ടോർക്കും, 1364 സിസി ഡീസൽ എൻജിൻ 87.2 ബിഎച്ച്പി കരുത്തും 205 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ എൻജിനിൽ ആറ് സ്പീഡ് മാന്വവൽ, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് വേരിയന്റുകൾ പുറത്തിറക്കുന്നുണ്ട്.
മൈലേജ്: പെട്രോൾ എൻജിൻ മാന്വവൽ മോഡലിന് 14.53 കിലോമീറ്ററും, ഓട്ടോമാറ്റിക് മോഡലിന് 13.5 കിലോമീറ്ററും, ഡീസൽ മോഡലിന് 21.43 കിലോമീറ്ററും കമ്പനി അവകാശപ്പെടുന്നു.
നിറം: പുതിയ ഫാന്റം ബ്രൗണ്‍ നിറത്തിൽ ലഭ്യമാകുന്ന പുതിയ കൊറോള ആൾട്ടിസ് നിലവിലുള്ള വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മൈക്ക മെറ്റാലിക്, ഷാംപെയ്ൻ മൈക്ക മെറ്റാലിക്, ഗ്രേ മെറ്റാലിക്, സൂപ്പർ വൈറ്റ്, സെലസ്റ്റ്യൽ ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭിക്കും.
വില: ഡീസൽ മോഡലുകൾക്ക് 17.36 ലക്ഷം മുതൽ 19.05 ലക്ഷം രൂപ വരെയും പെട്രോൾ മോഡലുകൾക്ക് 15.88 ലക്ഷം മുതൽ 19.92 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.