പെരുമ്പാവൂർ: ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമോളം ബാറിന് മുമ്പിൽ കഴിഞ്ഞ രാത്രിയാണ്സംഭവം. കുരുപ്പപാറ മൂത്തേടത്ത് വീട്ടിൽ മത്തായി (ഗംഗൻ മത്തായി 55) ആണ് മരിച്ചത്.
മേതലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന മത്തായിയെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപ വാസികളാണ് കനാലിൽ വാഹനവും മൃതദേഹവും കണ്ടത്.
വിവരം അറിഞ്ഞെത്തിയ പെരുമ്പാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ കനാലിൽ മുങ്ങി ഡ്രൈവറുടെ മൃതദേഹം കരയ്ക്കെത്തിച്ചു.
തുടർന്നു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സമീപത്തുള്ള സിസിടിവി കാമറകൾ പരിശോധിച്ചാലാണ് കൂടുതൽ വിവരങ്ങൾ അറിയാനാകുവെന്ന് കേസ് അന്വേഷിക്കുന്ന കുറുപ്പംപടി പോലീസ് പറഞ്ഞു.
KL 48 / 58 27 നമ്പർ ഓട്ടോയാണ് കനാലിൽ വീണത്. ഓട്ടോ കിടന്ന സ്ഥലത്തുനിന്നും നൂറു മീറ്റർ മാറിയാണ് മൃതദേഹം കാണപ്പെട്ടത്. രണ്ടാൾ താഴ്ച്ചയും ശകതമായ ഒഴുക്കുമുള്ള കനാലിലേക്കാണ് ഓട്ടോ മറിഞ്ഞത്.
സേനാംഗങ്ങളായ ബി.എസ്. സാൻ, രാകേഷ് എസ്. മോഹൻ, ജെ. ഉജേഷ്, പി.കെ. അനിൽ, പി.എസ്. ഉമേഷ്, പി.ബി. ഷെബി മോൻ, എസ്. അനിൽകമാർ എന്നിവരും അഗ്നിരക്ഷാസംഘത്തിൽ ഉണ്ടായിരുന്നു.