തൊടുപുഴ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് ഇയാളുടെ പേരിൽ കേസെടുത്തു.
കാഞ്ഞിരമറ്റം കണ്ണിപ്പള്ളിൽ യേശുദാസിന്റെ (53) പേരിലാണ് പോലീസ് കേസെടുത്തത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഇടവെട്ടി മലയിൽ അഷ്റഫിനാണ് പരിക്കേറ്റത്.
ഇയാളെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ ഇടവെട്ടി വലിയ ജാരത്താണ് സംഭവം.
കലയന്താനിയിൽ രോഗിയെ ഇറക്കിയ ശേഷം തിരികെ വന്ന ആംബുലൻസാണ് ഓട്ടോയിൽ ഇടിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തൊടുപുഴ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചിരുന്നതായി വ്യക്തമായത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹമോടിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.