ആന്റിബോഡി ഉണ്ട് എന്ന് ആശ്വസിക്കേണ്ട ! കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ പലരുടെയും മരണകാരണം ആന്റിബോഡിയെന്ന് പഠനം;റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

കോവിഡ് മുക്തരില്‍ ആന്റിബോഡി രൂപപ്പെടുന്നതിനാല്‍ പിന്നീട് ഭയക്കേണ്ട ആവശ്യമില്ലെന്ന ധാരണകളെ പൊളിച്ചെഴുതുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയോ മരിക്കുകയോ ചെയ്യുന്നവരില്‍ അഞ്ചിലൊന്ന് ആളുകളിലും ഇതിനു കാരണമായി തീരുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കെതിരെ ആന്റിബോഡികള്‍ തന്നെ തിരിയുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരം ആന്റിബോഡികളെ ഓട്ടോ ആന്റിബോഡികള്‍ എന്നാണ് വിളിക്കുന്നത്. ആരോഗ്യമുള്ള, കോവിഡ് ബാധിക്കാത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ ഇത് ചെറിയ തോതില്‍ കാണും.

പ്രായം കൂടുതോറും ഇതിന്റെ സാന്നിധ്യം വര്‍ധിക്കും. ഇതാണ് പ്രായമേറിയവരുടെ ഇടയില്‍ കോവിഡ് ഗുരുതരമാകാന്‍ കാരണമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സയന്‍സ് ഇമ്യൂണോളജി എന്ന ജേര്‍ണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് ഗുരുതരമായ രോഗികളില്‍ പത്തുശതമാനം പേരില്‍ ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ആക്രമിക്കുന്ന സ്ഥിതിവിശേഷത്തിനും കാരണമിതാണ്.

38 രാജ്യങ്ങളിലായി കോവിഡ് ഗുരുതരമായ 3595 രോഗികളിലാണ് പഠനം നടത്തിയത്. ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷണവിഭാഗമാണ് പഠനം നടത്തിയത്.

ഇത്തരം രോഗികള്‍ക്ക് അസുഖം ബാധിച്ചാല്‍ തന്നെ അവരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം.

പഠനവിധേയമാക്കിയവരില്‍ 13.6 ശതമാനം രോഗികളില്‍ ഓട്ടോ ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 21 ശതമാനം പേര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

13.6 ശതമാനം രോഗികളില്‍ 18 ശതമാനം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഡ് മുക്തരില്‍ രൂപപ്പെടുന്ന ആന്റിബോഡി അധികനാള്‍ നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തു വന്നിരുന്നു.

Related posts

Leave a Comment