പണിമുടക്കോ ഹര്‍ത്താലോ ഉണ്ടാവുമ്പോള്‍ ഏറ്റവും കൂടുതല്‍ വലയുന്നത് രോഗികളാണ്. പ്രത്യേകിച്ച് മെഡിക്കല്‍ കോളജ് പോലുള്ളിടങ്ങളില്‍ പോവേണ്ടി വരുന്നവര്‍. തിങ്കളാഴ്ച നടന്ന ദേശീയവാഹന പണിമുടക്കും സമാനമായ രീതിയില്‍ രോഗികളെയും യാത്രക്കാരെയും വലച്ചു.
അന്നേദിവസം, പണിമുടക്കിനിടെ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം കാന്‍സര്‍ രോഗികളെയടക്കം സഹായിച്ച ഓട്ടോഡ്രൈവര്‍ സ്വന്തം അനുഭവ കഥ ഫേസ്ബുക്കിലൂടെ വിവരിക്കുകയുണ്ടായി. തിരുവനന്തപുരം സ്വദേശിയായ ഷാഹു അമ്പലത്ത് ഫേസ്ബുക്കില്‍ വീഡിയോ സഹിതം പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പ് ഇതിനോടകം ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്. അത്രയ്ക്ക് ഹൃദയസ്പര്‍ശിയാണ് ഷാഹുവിന്റെ കുറിപ്പ്.
ഷാഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…
രാവിലെ ആറരക്ക് ഞാന്‍ തിരുവനന്തപുരം തമ്പാനൂരിലേക്ക് പോയതാണ് എനിക്ക് വന്ന പാര്‍സല്‍ എടുക്കാന്‍ വേണ്ടി.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് പാവപ്പെട്ട മനുഷ്യരാണ് അവിടെ കൂടി നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞത്. യാത്ര സൗകര്യം കിട്ടാതെ കഷ്ടപ്പെട്ട് നില്‍ക്കുന്നവര്‍. കുട്ടികളും സ്ത്രീകളും ഒക്കെ ഉള്ളവര്‍.
ഞാന്‍ അവിടെ എത്തിയപ്പോള്‍ തമ്പാനൂര്‍ എസ്ഐ എന്റെ വണ്ടി തടുത്തു കൊണ്ട് പറഞ്ഞു നിനക്ക് കുറച്ചു പേരെ കൊണ്ട് ആര്‍സിസിയിലേക്ക് പോകാന്‍ പറ്റുമോ എന്ന്.
ഞാന്‍ പറഞ്ഞു സാറേ ഓണേഴ്സ് ഓട്ടോ ആണ് ഇത്. ഇന്നത്തെ സാഹചര്യത്തില്‍ പാസഞ്ചേസിനെ കൊണ്ട് പോയാല്‍ പ്രശ്നമാണ്.
അതൊന്നും കുഴപ്പമില്ല. നീ ഇവരെ കൊണ്ട് പോ ബാക്കി ഞാന്‍ നോക്കികൊളാം എന്ന്. ആ കാന്‍സര്‍ രോഗികളെ കണ്ടപ്പോള്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.
ഞാന്‍ കൊണ്ട് പോയി ആര്‍സിസി യിലേക്ക്. അവിടെ എത്തിയപ്പോള്‍ ഇതിനേക്കാള്‍ അപകടകരമായ അവസ്ഥയില്‍ ആണ് അവിടെ ഉളള രോഗികള്‍ വാഹനങ്ങള്‍ കിട്ടാതെ ഒന്ന് നിവര്‍ന്നു നില്‍ക്കാനോ ഒന്ന് ശ്വാസം വീടാനോ പറ്റാതെ നട്ടം തിരിയുന്നത് കണ്ടത്.
പിന്നെ ഞാന്‍ ഒരു വിഷയത്തെ കുറിച്ച് ചിന്തിച്ചില്ല. ഞാന്‍ നൂറുകണക്കിന് പേരെയാണ് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടി നടന്നത്.
വാഹനത്തില്‍ യാത്ര ചെയ്തവരില്‍ നിന്ന് പകുതിയില്‍ അധികം പേരില്‍ നിന്ന് ഞാന്‍ അഞ്ചു പൈസ വാങ്ങിച്ചിട്ടില്ല. വാങ്ങിയവരില്‍ നിന്നാവട്ടെ പത്തു രൂപയും ഒക്കെയാണ് കൂടുതല്‍ വാങ്ങിയത് ഡീസല്‍ അടിക്കാന്‍.
നിര്‍ഭാഗ്യവശാല്‍ ഉള്ളൂരില്‍ എത്തിയപ്പോള്‍ നമ്മുടെ നാടിന്റെ വിളക്കുകളായ സഖാക്കളും മറ്റു ആളുകളും കൂടി എന്നെ തടയുകയും ഇനി മേലാല്‍ ഇമ്മാതിരി പണികളായി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ഭീഷണി പെടുത്തി വിടുകയും ചെയ്തു. 90 വയസ്സായ ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും പറ്റാത്ത കാന്‍സര്‍ പേഷ്യന്റ് ഒരു അമ്മൂമ്മയായിരുന്നു അപ്പൊ വണ്ടിയില്‍..
ഈ സംഭവം കഴിഞ്ഞു ഞാന്‍ നെരെ മെഡിക്കല്‍ കോളജിന്റെ ഫ്രണ്ടില്‍ നില്‍ക്കുന്ന അവിടത്തെ എസ്ഐയെ പോയി കാണുകയും അവിടെ ഉണ്ടായ സംഭവങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.. സാര്‍ പറഞ്ഞു ഞങ്ങള്‍ എന്ത് ചെയ്യാനാണ്. ഇവിടെ വന്ന് നിന്നെ ആക്രമിച്ചാല്‍ ഞാന്‍ സുരക്ഷ തരും പക്ഷെ അങ്ങോട്ട് ഒക്കെ നോക്കി പോണം എന്ന്.
എനിക്ക് എന്തോ ഈ സഖാക്കളുടെ ഭീഷണി അത്രക്കങ്ങോട്ട് എന്നെ വിറപ്പിച്ചില്ല. അടിക്കണമെങ്കില്‍ അടിക്കട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും ഓടാന്‍ തീരുമാനിച്ചു റോട്ടില്‍ തന്നെ കിടന്നു.
രണ്ട് മിനിറ്റ് കഴിഞ്ഞ ഉടനെ ഒരു സ്ത്രീ വന്ന് കരയുന്നത് പോലെ പറയുന്നു എനിക്ക് പുലയനാര്‍ കോട്ട ഹോസ്പിറ്റലില്‍ പോകണം രോഗികള്‍ എന്നെ കാത്തു നില്‍ക്കുകയാണ് എന്റെ റൗണ്ട്സ് ആണ് ഇപ്പൊ. പ്ലീസ് ഒന്ന് സഹായിക്കുമോ എന്ന്.
അപ്പൊ തന്നെ ഇത് കണ്ട ആ എസ്ഐ വന്നിട്ട് പറഞ്ഞു ഒന്ന് കൊണ്ട് പോ. ബാക്കി നമുക്ക് നോക്കാം എന്ന്.
അങ്ങിനെ ഞാന്‍ ആ ഡോക്ടര്‍ നെയും കൂട്ടി പോകുന്ന വഴിയില്‍ സംഭവിച്ചത് ഈ വീഡിയോ യില്‍ ഉണ്ട്……….
( ഞാന്‍ ഓട്ടോ ഇല്ലാത്ത തക്കം നോക്കി പണം ഉണ്ടാക്കാന്‍ പോയതല്ല സിഐറ്റിയുകാരാ…….. അത് ഓര്‍ത്താല്‍ നല്ലത് നാളെ നീയും കരയും…… .