പെരുന്പാവൂർ: ഓട്ടോയിൽ കളഞ്ഞ് കിട്ടിയ അര പവൻ ചെയിൻ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഓട്ടോക്കാരൻ മാതൃകയായി. പുല്ലുവഴിയിൽ ശ്രീ ഗുരുവായൂരപ്പൻ പാസഞ്ചർ ഓട്ടോ ഓടിക്കുന്ന മരോട്ടിക്കടവ് പള്ളിമാലിൽ വീട്ടിൽ ഗോപിക്കാണ് തന്റെ ഓട്ടോയിൽ നിന്നു ചെയിൻ ലഭിച്ചത്. കഞ്ഞിക്കുഴിയിലുള്ള സ്ത്രീയും മാതാവും കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി കുറുപ്പംപടിയിലെത്തിയതായിരുന്നു.
ആവശ്യങ്ങൾ കഴിഞ്ഞ് തിരികെ പോകാനൊരുങ്ങുന്പോഴാണ് കൈ ചെയിൻ നഷ്ടപ്പെട്ടതായി അറിയുന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ വിവരം നൽകുന്നതിന് മുന്പായി ഓട്ടോ ഡ്രൈവർ സ്റ്റേഷനിൽ ചെയിൻ എൽപ്പിച്ചു പോയിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവറെ വിവരം അറിയിച്ച് ഗോപിയെ കൊണ്ട് തന്നെ സ്വർണ ചെയിൻ ഉടമക്ക് കൈമാറി. കുറുപ്പംപടി എസ്.ഐ പി.എം ഷമീർ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു.