സ്വന്തം ലേഖകൻ
തൃശൂർ: വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഓട്ടോറിക്ഷകളിലെ മീറ്റർ നിരക്കുകൾ റീ സെറ്റ് ചെയ്യുന്ന നടപടികൾ 26 മുതൽ ആരംഭിക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് ജില്ല ഓഫീസ് അധികൃതർ അറിയിച്ചു.
ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 25 ഉം തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപവീതവുമാണ് പുതിയ നിരക്ക്. നിലവിലെ മീറ്റർ പ്രകാരം ഇത് 20 ഉം പത്തുമാണ്. മീറ്റർ റീസെറ്റു ചെയ്യാനുള്ള അനുവാദത്തിനായി ഓട്ടോഡ്രൈവർമാർ ലീഗൽ മെട്രോളജി വകുപ്പിനെ സമീപിക്കുന്നുണ്ട്. 26 മുതൽ ചെയ്താൽ മതിയെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
ക്രിസ്മസ് പ്രമാണിച്ച് ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ സംസ്ഥാനത്തൊട്ടാകെ വിവിധ പരിശോധനകളിലേർപ്പെട്ടിരിക്കുന്നതിനാൽ 25 വരെ അതിന്റെ തിരക്കിലായതിനാലാണ് 26 മുതൽ മീറ്റർ റീ സെറ്റിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്താൽ മതിയെന്ന് നിർദ്ദേശിച്ചിട്ടുള്ളത്.
ഡി ക്വാർട്ടർ ഓട്ടോറിക്ഷകൾക്കായിരിക്കും ആദ്യ പരിഗണനയെന്നും ഈ വർഷം അവസാനിക്കും മുന്പ് ഡി ക്വാർട്ടറുകാർക്ക് ഇത് ചെയ്തുകൊടുത്തില്ലെങ്കിൽ ഫൈൻ വരുമെന്നതിനാലാണ് അവർക്ക് പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
ഓട്ടോറിക്ഷകളുടെ മീറ്ററുകൾ റീ സെറ്റ് ചെയ്ത ശേഷമേ കൂടിയ നിരക്ക് ഈടാക്കാൻ നിയമപ്രകാരം അനുവാദമുള്ളുവെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നതെങ്കിലും പലയിടത്തും മിനിമം ചാർജ് 25 ആക്കി വാങ്ങുന്നുണ്ട്. എന്നാൽ ഇതുവരെയും ചാർജ് വർധനയുമായി ബന്ധപ്പെട്ട് പരാതികളൊന്നും എവിടെയും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
തൃശൂർ കോർപറേഷൻ പരിധിയിൽ മാത്രം ഏഴായിരത്തോളം ഓട്ടോറിക്ഷകളുണ്ടെന്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്ക്.കഴിഞ്ഞ തവണ ചാർജ് വർധിപ്പിച്ചപ്പോൾ സർക്കാർ ഒരു ചാർട്ട് പുറത്തിറക്കിയിരുന്നു. മീറ്റർ റീസെറ്റു ചെയ്യാൻ താമസമുള്ളതിനാൽ ഈ ചാർട്ടിൽ രേഖപ്പെടുത്തിയതു പ്രകാരമാണ് ചാർജ് വാങ്ങിയിരുന്നത്.
ഇത്തവണയും അത്തരത്തിലൊരു ചാർട്ട് ആർടിഒ ഓഫീസിൽ നിന്നും തയ്യാറാക്കി നൽകിയാൽ മീറ്റർ റീ സെറ്റ് ചെയ്യും വരെ ആ ചാർട്ടിനെ അടിസ്ഥാനപ്പെടുത്തി നിരക്ക് വാങ്ങാമെന്ന് ഡ്രൈവർമാർ പറയുന്നു. മീറ്ററിൽ കാണുന്ന ചാർജിനേക്കാൾ നിരക്ക് കൂടിയിട്ടുണ്ടെന്ന് യാത്രക്കാരോട് കയറുന്പോൾ തന്നെ പറയുകയാണ് ഇപ്പോൾ ഓട്ടോ ഡ്രൈവർമാർ.
എന്നാലും ചിലരൊക്കെ എതിർക്കുന്നുണ്ട്. മീറ്റർ റീ സെറ്റു ചെയ്യാൻ സമയമെടുക്കുമെന്നാണ് കരുതുന്നത്. അത്രയധികം വണ്ടികൾ ഇപ്പോൾ തൃശൂർ നഗരത്തിലുണ്ട്. ലീഗൽ മെട്രോളജി വകുപ്പിന്റെ അനുവാദം കിട്ടിയ ശേഷം വകുപ്പിന്റെ അംഗീകാരമുള്ളിടത്തുപോയി മീറ്റർ കണ്വെർട്ടിംഗ് നടത്തി തുടർന്ന് വകുപ്പ് അധികൃതർക്ക് മുന്നിൽ ടെസ്റ്റ് ഡ്രൈവ് നടത്തി ലൈസൻസ് നൽകാൻ കാലതാമസം ഉണ്ടാകില്ലെന്ന് ലീഗൽ മെട്രോളജി ഭവൻ അസി കണ്ട്രോളർ കെ.സി.ചാന്ദ്നി അറിയിച്ചു.
പരമാവധി വേഗത്തിൽ ഡ്രൈവർമാർക്ക് ഇതെല്ലാം ചെയ്തു കൊടുക്കുമെന്നും തിരക്ക് കൂടുകയാണെങ്കിൽ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു.