മങ്കൊന്പ്: പുളിങ്കുന്ന് തട്ടാശേരി റോഡിൽ അമിതമായി വർധിപ്പിച്ച ഓട്ടോറിക്ഷാ കൂലി പിൻവലിക്കണമെന്ന നിർദേശം കാറ്റിൽപ്പറത്തി വീണ്ടും യാത്രക്കാരെ പിഴിയുന്നതായി ആരോപണം. വർധിപ്പിച്ച കൂലി സ്വമേധയാ പിൻവലിക്കണമെന്ന് പുളിങ്കുന്ന് സിഐ കഴിഞ്ഞയാഴ്ച തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നു.
കുട്ടനാട് ജോയിന്റ് ആർടിഒയുമായി കൂടിയാലോചിച്ച ശേഷമായിരുന്നു സിഐയുടെ തീരുമാനം. എന്നാൽ പോലീസിന്റെ നിർദേശം ഒരുദിവസം പോലും പാലിക്കപ്പെട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. നവംബർ ഒന്നു മുതലാണ് മുന്നറിയിപ്പൊന്നുമില്ലാതെ അതുവരെയുണ്ടായിരുന്ന നിരക്കിന്റെ 50 ശതമാനം വർധിപ്പിച്ചത്.
ടേണനുസരിച്ചു ഓരോ ഓട്ടോറിക്ഷയും യാത്രക്കാരെ കയറ്റിയിറക്കുന്ന രീതിയാണിവിടെയുള്ളത്. ഒരു ട്രിപ്പിന് മിനിമം അഞ്ചു യാത്രക്കാരെയാണ് കയറ്റിയിറക്കുന്നത്. ഒരേ സമയം ഏഴു യാത്രക്കാരെ വരെ കയറ്റിക്കൊണ്ടു പോകാറുണ്ട്. നേരത്തെ ആളൊന്നിന് പത്തുരൂപ വാങ്ങിയിരുന്നത് ഇപ്പോൾ 15 രൂപയാക്കിയാണ് വർധിപ്പിച്ചത്.
3.4 കിലോമീറ്റർ മാത്രം വരുന്ന റോഡിൽ പഴയനിരക്കു തന്നെ അധികമായതിനാലാണ് ചാർജ് വർധിപ്പിക്കരുതെന്ന് നിർദേശം നൽകിയതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഓട്ടോ തൊഴിലാളി പ്രതിനിധികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് പഴയ നിരക്കേ വാങ്ങാവൂ എന്ന നിർദേശം നൽകിയത്. കർഷകർ, സാധാരണ തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരാണ് ഇവിടെ യാത്രയ്ക്കായി ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്.
നിരക്കു വർധിപ്പിച്ചതോടെ പുളിങ്കുന്നിലെത്തുന്നതിനായി കാവാലത്തു നിന്നും ബോട്ടുമാർഗം ആലപ്പുഴയിലെത്തേണ്ടതിനെക്കാൾ കൂടുതൽ പണം ചെലവാക്കേണ്ടിവരുന്നു. അമിത ചാർജ് നൽകേണ്ടി വരുന്ന യാത്രക്കാർ ഇതു സംബന്ധിച്ച് വാഹന നന്പറടക്കം തനിക്കും, മോട്ടോർ വാഹനവകുപ്പ് ഇൻസ്പക്ടർക്കും രേഖാമൂലം പരാതി നൽകണമെന്ന് പുളിങ്കുന്നു സിഐ കെ.പി. തോംസണ് പറഞ്ഞു. പരാതി ലഭിച്ചാൽ അമിത കൂലി വാങ്ങിയവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.