ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരിൽനിന്നും തോന്നുന്നപോലെ ഓട്ടോറിക്ഷക്കാർ ചാർജ് ഈടാക്കുന്നതായി പരാതി. ഈ സാഹചര്യത്തിൽ ഇവിടെ പ്രീപെയ്ഡ് ഓട്ടോസ്റ്റാൻഡ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം ആയിരക്കണക്കിനാളുകളാണ് വന്നുപോകുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഷൊർണൂർ ജംഗ്ഷൻ. മലബാറിന്റെ റെയിൽവേ പ്രവേശനകവാടം കൂടിയായ ഇതുവഴി ദീർഘദൂര ഹ്രസ്വദൂര ട്രെയിനുകളിലായി നൂറിന് പുറത്ത് തീവണ്ടികളാണ് വന്നുപോകുന്നത്.
ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്കായി ഓട്ടോറിക്ഷകൾ വന്നാൽ ഇരട്ടിലേറെ ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. മിനിമം ചാർജ് 25 രൂപയാണെങ്കിലും ഇവർ 50 രൂപയാണ് വാങ്ങുന്നതത്രേ. രാത്രിയിലെത്തുന്ന യാത്രക്കാരിൽനിന്നും ഡ്രൈവർമാർ ചോദിക്കുന്ന ചാർജ് നല്കണ്ട സ്ഥിതിയുമാണുള്ളത്. അസുഖബാധിതനായി എത്തിയ ഒരാളിൽനിന്ന് ദിവസങ്ങൾക്ക് മുന്പ് ഈ റെയിൽവേ സ്റ്റേഷനിൽനിന്നും പോലീസ് സ്റ്റേഷനിലേക്കുള്ള പരിമിതമായ ദൂരത്തിന് 50 രൂപ വാങ്ങിയതായും പരാതി ഉയർന്നിരുന്നു.
രാത്രിയും പുലർച്ചെയും എത്തുന്ന സ്ത്രീകൾക്കും മറ്റും ഇതിലും മോശമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പ്രിപെയ്ഡ് ഓട്ടോ സ്റ്റാൻഡ് ആരംഭിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നല്കാമെന്ന് ഷൊർണൂർ റോട്ടറി ക്ലബ് ഉൾപ്പെടെയുള്ളവർ അറിയിച്ചിട്ടുണ്ട്. എന്നാൽ അധികൃതർ ഇതിനായി ഒന്നും ചെയ്യുന്നില്ല. പ്രീപെയ്ഡ് ഓട്ടോസ്റ്റാൻഡ് വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
കോഴിക്കോട്, തിരുവനന്തപുരം പോലുള്ള സ്റ്റേഷനുകളിൽ പോലീസിന്റെ മേൽനോട്ടത്തിൽ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ട്. തൃശൂരിലും പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡ് ഉണ്ട്. ഷൊർണൂരിൽ പ്രീപെയ്ഡ് സ്റ്റാൻഡ് തുടങ്ങാൻവേണ്ടി പ്രാഥമിക യോഗങ്ങളും ചർച്ചകളും നടന്നിരുന്നുവെങ്കിലും പിന്നീടിത് മുടങ്ങി.
ബസുകൾപോലും ഇല്ലാത്ത സമയത്ത് എത്തുന്ന തീവണ്ടി യാത്രക്കാരാണ് പ്രധാനമായും ഓട്ടോറിക്ഷക്കാരുടെ ഇരകളാകുന്നത്. യാത്രക്കാരുടെ കൈവശമുള്ള വലിയ ബാഗുകളുമായി ബസുകളിൽ കയറാനാവാത്ത സാഹചര്യത്തിലാണ് മിക്കവരും ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്.