ഓട്ടോറിക്ഷാ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടി കൈമറിഞ്ഞു പോയത് 300 കോടി രൂപ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓട്ടോ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന മുഹമ്മദ് റഷീദ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇത്രയും ഭീമമായ തുകയുടെ കൈമാറ്റം നടന്നത്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കൂടി നടന്ന 300 കോടി രൂപയുടെ ഇടപാടിനെ കുറിച്ച് എത്രയും വേഗം അറിയിക്കണമെന്ന പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സന്ദേശത്തെ തുടർന്നാണ് ഓട്ടോറിക്ഷാ തൊഴിലായായ ഇദ്ദേഹം സംഭവത്തെക്കുറിച്ച് അറിഞ്ഞത്.
സന്ദേശം ലഭിച്ച് ഭയന്നു പോയ ഇദ്ദേഹം ഉടൻ തന്നെ എഫ്ഐഎയുടെ ഓഫീസിൽ എത്തുകയും ചെയ്തു. 2005ൽ മുഹമ്മദ് റഷീദ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. സാലറി അക്കൗണ്ട് വഴിയാണ് ശമ്പളം സ്വീകരിച്ചിരുന്നത്. അവിടെ നിന്നും ജോലി രാജി വച്ച അദ്ദേഹം ഈ അക്കൗണ്ട് പിന്നീട് ഉപയോഗിച്ചിരുന്നില്ല.
ഒരു ലക്ഷം രൂപ പോലും താനിതുവരെ കണ്ടിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു വാടക വീട്ടിൽ താമസിക്കുന്ന ഇദ്ദേഹം ഓട്ടോ ഓടിച്ചു ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് കുടുംബത്തിന്റെ ചിലവ് നോക്കുന്നത്. മുഹമ്മദ് റഷീദിന്റെ നിസഹായാവസ്ഥ അധികൃതർക്ക് മനസിലായി.
ഇതിനു മുമ്പ് കറാച്ചിയിലെ ഒരു ഭക്ഷണവിതരണക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ കൂടി 200 കോടി രൂപയുടെ പണമിടപാട് നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്.