കോട്ടയം: റിട്ട. പോലീസ് ഇന്സ്പെക്ടറുടെ അപകടമരണവുമായി ബന്ധപ്പെട്ടു നിര്ണായമായ ഫോറന്സിക് പരിശോധന ഫലം പുറത്തുവന്നു.
പോളക്കാട്ടില് എം.വി. മാത്യുവാണ് അപകടത്തില്പ്പെട്ടു ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര് അയ്മനം സ്വദേശി ജയകുമാറിനെ മനഃപൂര്മല്ലാത്തെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് പനമ്പാലം കോലേട്ടമ്പലത്തിനു സമീപമാണ് അപകടമുണ്ടായത്. ബൈക്കില്നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് എം.വി. മാത്യുവിനെ കണ്ടെത്തിയത്.
ഇടതുവശത്തുകൂടി ബൈക്കില് സഞ്ചരിച്ചിരുന്ന ആള് ഇടതുവശത്തേക്കു വീണപ്പോള് വലതുവശത്തെ പത്തു വാരിയെല്ലുകള്ക്കു പൊട്ടല്, വലത്തേ തലയോട്ടിക്കു പൊട്ടല്, തലച്ചോറിനും ശ്വാസകോശത്തിനും ഉണ്ടായ ഗുരുതര ക്ഷതം തുടങ്ങിയവ ബന്ധുക്കളില് സംശയമുണ്ടാക്കുകയും ഇക്കാര്യങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസ് പരിശോധനയില് ബൈക്കിന്റെ ക്രാഷ് ഗാര്ഡില് കറുത്ത പെയിന്റ് കണ്ടെത്തിയതിനെത്തുടര്ന്ന് വിശദമായ ഫോറന്സിക് പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതോടെ മണലേല് പള്ളി ഭാഗത്തേക്കു പോയിരുന്ന ഓട്ടോ അപകടം നടന്ന അഞ്ചു മിനിട്ടിനുള്ളില് തിരിച്ചു പോകുന്ന ദൃശ്യങ്ങള് ലഭിച്ചതോടെ കൂടുതല് അന്വേഷണം നടത്തി.
ഒട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി വിവരങ്ങള് തിരക്കിയെങ്കിലും ഓട്ടോറിക്ഷ ഇടിച്ചിട്ടില്ലെന്നുപറഞ്ഞ് ഇയാള് ഒഴിഞ്ഞു മാറുകയായിരുന്നു.
തുടര്ന്നു നടത്തിയ ഫോറന്സിക് പരിശോധനാ ഫലത്തില് ഓട്ടോയുടെ പെയിന്റും ബൈക്കില്നിന്നു കിട്ടിയ പെയിന്റും ഒന്നാണെന്നു തെളിഞ്ഞു. ഇതോടെയാണ് ഇന്നലെ ഗാന്ധിനഗര് പോലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്തത്.