കടുത്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവറായ ഭാസിയുടെ സത്യസന്ധതയിൽ ആന്പല്ലൂർ സെന്റ് ഫ്രാൻസീസ് സ്കൂളിലെ ഏഴാം ക്ലാസുകാരി ലക്ഷ്മിക്ക് തിരിച്ചു കിട്ടിയത് ഒരു പവന്റെ സ്വർണ ചെയിൻ. കഴിഞ്ഞ 21 ന് പുലർച്ചെ അരയൻകാവിൽനിന്നും പൂരം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങുന്പോഴാണ് കീച്ചേരി കാലായിൽ മനോജിന്റെ മകൾ ലക്ഷ്മിയുടെ സ്വർണചെയിൻ നഷ്ടപ്പെട്ടത്.
ബ്രഹ്മമംഗലം സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഏനാദി തച്ചാട്ടുതറയിൽ ഭാസിയുടെ വണ്ടിയിലായിരുന്നു ലക്ഷ്മിയും മുത്തശ്ശിയും മറ്റ് ബന്ധുക്കളും യാത്ര ചെയ്തത്. പ്രാഥമിക പരിശോധനയിൽ വഴിയിലോ വണ്ടിയിലോ ആഭരണം കണ്ടെത്താനായില്ല. വീട്ടുകാരുടെ ഫോണ് നന്പർ വാങ്ങിയ ഭാസി ആഭരണം കിട്ടിയാൽ അറിയിക്കാം എന്നുപറഞ്ഞു മടങ്ങി.
വാങ്ങി പുതുമ മാറാത്ത ചെയിൻ നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുന്പോഴാണ് ഇന്നലെ രാവിലെ ഭാസിയുടെ വിളിയെത്തിയത്. വണ്ടി കഴുകി വൃത്തിയാക്കുന്നതിനിടയിൽ സീറ്റിന്റെ താഴെ കൊളുത്തിൽ കുരുങ്ങി കിടന്ന ചെയിൻ കിട്ടിയെന്നായിരുന്നു ഭാസി ഫോണിലൂടെ അറിയിച്ചത്.
ഉടൻതന്നെ ലക്ഷ്മിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഭാസി ചെയിൻ കൈമാറി. പ്രളയകാലത്തെ രക്ഷാപ്രവർത്തകനായ ഭാസിയുടെ സത്യസന്ധതയെ പ്രശംസിച്ച നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും അടുത്തദിവസം ഇദ്ദേഹത്തെ അനുമോദിക്കുന്നതിനായി യോഗം ചേരും.