ചങ്ങനാശേരി: ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുപോയി ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയിട്ട് ആക്രമിച്ചു പണം തട്ടാൻ ശ്രമം. കഴിഞ്ഞ ദിവസം രാത്രി 9.30ന് ചങ്ങനാശേരി പാർത്ഥാസ് സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയ അക്രമിയാണ് വിജനമായ പ്രദേശത്തുവച്ചു ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം പണം തട്ടാൻ ശ്രമിച്ചതായി പരാതിയുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവർ, ആനന്ദാശ്രമം റോഡിൽ കുളപ്പറന്പിൽ ജോർജിനു നേരേയാണ് ആക്രമണം ഉണ്ടായത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പാർത്ഥാസ് ജംഗ്ഷനിൽനിന്നു പായിപ്പാടിനടുത്തുള്ള കുന്നന്താനം ഭാഗത്തേക്ക് ഒരാൾ ഓട്ടം വിളിച്ചു. പോകുംവഴി ഡ്രൈവറോടു സൗഹൃദഭാവത്തിൽ സംസാരിച്ച ഇയാൾ കുന്നന്താനത്ത് എത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.
അവിടെയുള്ള കടയിൽനിന്ന് എന്തോ വാങ്ങിയ ഇയാൾ തുടർന്ന് കുന്നന്താനം- മുണ്ടിയപ്പള്ളി റൂട്ടിലൂടെ പോകണമെന്ന് ആവശ്യപ്പെട്ടു. ഈ വഴിയിലൂടെ ആഞ്ഞിലിത്താനം ഭാഗത്തെ വിജനമായ പ്രദേശത്തെത്തിയപ്പോൾ അവിടെ നിർത്തിയാൽ മതിയെന്നു പറഞ്ഞു.
ഓട്ടോക്കൂലി എത്രയെന്നു ചോദിച്ച ശേഷം കൈയിൽ കരുതിയിരുന്ന മുളകുപൊടി ഡ്രൈവറുടെ കണ്ണിലേക്കും മുഖത്താകമാനവും കുടയുകയും ഡ്രൈവറുടെ പോക്കറ്റിൽനിന്നു പണം അപഹരിക്കാൻ ശ്രമിക്കുകയുമായിരുന്നു.
പരിഭ്രാന്തനായ ഡ്രൈവർ അലറിവിളിച്ചതോടെ അക്രമി വായ് പൊത്തിപ്പിടിച്ചു. ഡ്രൈവർ പ്രാണരക്ഷാർഥം കൈവിരലിൽ കടിച്ചതോടെ ഇയാൾ പിടിവിട്ടോടി. മുളകുപൊടി ആക്രമണത്തിൽ കണ്ണു കാണാതായ ഓട്ടോ ഡ്രൈവർ വിജനമായ പ്രദേശത്ത് അര കിലോമീറ്ററോളം തപ്പിത്തടഞ്ഞാണ് ഒരു വീട്ടിൽ അഭയം തേടിയത്.
സംഭവം സംബന്ധിച്ച് ഓട്ടോ ഡ്രൈവർ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലും തുടർന്ന് ചങ്ങനാശേരി പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.കീഴ്വായ്പൂര് പോലീസ് സ്റ്റേഷന്റെ പടിഞ്ഞാറേ അതിർത്തിയായ ഈ പ്രദേശത്തു പോലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്നു നാട്ടുകാർ പറഞ്ഞു. ചങ്ങനാശേരി പാർത്ഥാസ് പ്രദേശത്തു സിസിടിവി പ്രവർത്തിക്കാത്തതിനാൽ അക്രമിയുടെ ദൃശ്യങ്ങൾ കിട്ടാൻ സാധ്യതയില്ല.
അക്രമികളുടെയും പിടിച്ചുപറിക്കാരുടെയും ശല്യം മൂലം സന്ധ്യ കഴിഞ്ഞാൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് ഓട്ടം പോകാനാവാത്ത സ്ഥിതിയാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ പരാതിപ്പെട്ടു. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നഗരത്തിലെ സിസിടിവികൾ കേടുപാടു നീക്കി പ്രവർത്തനക്ഷമമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.