കണ്ണൂര്‍: പാര്‍ട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരേ സമരം ചെയ്തു ശ്രദ്ധേയയായ ദളിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖ സിപിഎമ്മിന് തലവേദനയാകുന്നു. സമരത്തിനൊടുവില്‍ ചിത്രലേഖയ്ക്ക് അഞ്ച് സെന്റ് ഭൂമി കിട്ടി ഇത് തിരിച്ചെടുക്കുകയാണ് പിണറായി സര്‍ക്കാര്‍.
പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയ്ക്ക് ഭൂമി നല്‍കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016 ഡിസംബര്‍ 18-ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഗവര്‍ണറുടെ ഉത്തരവു പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നോട്ടീസിറക്കിയത്. ലഭിച്ച സ്ഥലത്ത് ചിത്രലേഖയുടെ വീടു നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്.
കരമടയ്ക്കുന്ന ആറു സെന്റ് സ്ഥലം വേറെയുണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കൈവശാധികാരിയായ ജലവിഭവവകുപ്പിന്റെ എതിര്‍പ്പ് മറികടന്നും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ഭൂമി ചിത്രലേഖയ്ക്ക് കൈമാറിയതെന്ന് പുതിയ ഉത്തരവിലുണ്ട്. 1995-ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭൂമി പതിവ് ചട്ട(21)പ്രകാരമാണ് ചിറക്കല്‍ വില്ലേജിലെ പുഴാതിയില്‍ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചിത്രലേഖയ്ക്ക് സൗജന്യമായി അനുവദിച്ചത്.
നേരത്തെ ലഭിച്ച സ്ഥലം വാസയോഗ്യമല്ലെന്ന് കാണിച്ച് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പുതിയ സ്ഥലം അനുവദിച്ചത്. സ്ഥലത്ത് വീടിന്റെ സണ്‍ഷേഡ് വരെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. കെ.എം.ഷാജി എംഎല്‍എ. ഇടപെട്ടാണ് വീടുപണിക്കുള്ള തുക കണ്ടെത്തിയത്.
അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രതീക്ഷയാണ് തീരുന്നത്. ചിത്രലേഖയുടെ ഫേസ്ബുക്ക് പേജില്‍ നോട്ടീസിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്്തിട്ടുണ്ട്. ചിത്രലേഖയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ജീവിക്കാന്‍ വേണ്ടി സമരം ചെയ്തു നേടിയ 5 സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി…എന്നെ ഇനിയും ജീവിക്കാന്‍ വിടുന്നില്ലാ എങ്കില്‍ സഖാവ് പിണറായി എന്നേം കുടുംബത്തെയും കൊന്നിട്ട് ആ ശവം പച്ചയ്ക്ക് തിന്നുന്നതാ നല്ലത്….-ഫെയ്സ് ബുക്കില്‍ ചിത്രലേഖ കുറിച്ചത് ഇങ്ങനെയായിരുന്നു.
കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രമാങ്ങളില്‍ ജാതി വിവേചനമുണ്ടെന്ന് പുറംലോകം ചര്‍ച്ചയാക്കിയത് ചിത്രലേഖയുടെ വിവരണത്തിലൂടെയാണ്. അന്ന് മുതല്‍ സിപിഎമ്മിന്റെ ശത്രുവാണ് ചിത്രലേഖ. ഇതാണ് ഇ്പ്പോള്‍ വസ്തു തിരിച്ചെടുക്കാനും കാരണം. പ്രശ്നം സിപിഎമ്മിലും അസ്വസ്ഥതയായി മാറുകയാണ്.
2004-ലാണ് ചിത്രലേഖ എടാട്ട് ഓട്ടോത്തൊഴിലാളിയായി ജോലി തുടങ്ങിയത്. ജീവിതപോരാട്ടത്തിന്റെ ഭാഗമായി കളക്ടറേറ്റിനുമുന്നിലും സെക്രട്ടേറിയറ്റിനു മുന്നിലും പലപ്പോഴായി 176 ദിവസം സമരം നടത്തിയിരുന്നു ഇവര്‍. ”ഒന്നുകില്‍ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം.
അല്ലെങ്കില്‍ അധികൃതര്‍ കൃത്യമായ നടപടിയെടുക്കണം. ദളിത് സമൂഹത്തോടുള്ള സിപിഎം. സര്‍ക്കാരിന്റെ നയമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്’ -ചിത്രലേഖയുടെ ആവശ്യം ഇതായിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ ലക്ഷങ്ങള്‍ കോഴ നല്‍കി അനധികൃതമായി പ്രവേശനം നേടിയ സമ്പന്നരെ സഹായിക്കാന്‍ പ്രത്യേക നിയമം തന്നെ നിര്‍മ്മിച്ച സര്‍ക്കാര്‍, ഒരു ദരിദ്ര ദലിത് കുടുംബത്തോട് ഇങ്ങനെ ചെയ്യുന്നതു ലജ്ജാവഹമെന്നു ചിത്രലേഖ പറഞ്ഞു.
ചിത്രലേഖയുടെ പോരാട്ടം ആസ്പദമാക്കി ബോളിവുഡ് സിനിമയ്ക്കു തിരക്കഥയെഴുതുന്ന ബ്രിട്ടിഷ് ചലച്ചിത്ര പ്രവര്‍ത്തകന്‍ ഫ്രെയ്സര്‍ സ്‌കോട്ട് കഴിഞ്ഞ മാസം ചിത്രലേഖയെയും ഭര്‍ത്താവിനെയും കണ്ണൂരില്‍ സന്ദര്‍ശിച്ചിരുന്നു.
സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്നു ജോലി പല തവണ അവസാനിപ്പിക്കേണ്ടി വന്നു. ഒരിക്കല്‍ ചിത്രലേഖയുടെ ഓട്ടോ തീവച്ചു നശിപ്പിക്കുക വരെ ചെയ്തു. സുഹൃത്തുക്കളും പൗരാവകാശ പ്രവര്‍ത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിക്കപ്പെട്ടു.
വീടു കയറി ആക്രമണവുമുണ്ടായി. എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തില്‍ 2014-15ല്‍ നാലു മാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടിലുകെട്ടി ചിത്രലേഖ രാപകല്‍ സമരം നടത്തി. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്‍പിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചിറയ്ക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് അനുവദിച്ചത്.
ഈ ഭൂമിയാണ് തിരിച്ചെടുക്കുന്നത്. അനാരോഗ്യം മൂലം ചിത്രലേഖ ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നില്ല. ഭര്‍ത്താവ് ശ്രീഷ്‌കാന്ത് കണ്ണൂര്‍ ടൗണില്‍ ഓട്ടോ ഡ്രൈവറാണ്. കാട്ടാമ്പള്ളിയില്‍ വാടക വീട്ടിലാണു താമസം. എന്തായാലും ദളിത് പ്രേമം പറയുന്ന സിപിഎമ്മിന്റെ തനിനിറം ഒരിക്കല്‍കൂടി വെളിവാക്കുന്നതാണ് ചിത്രലേഖയുടെ ജീവിതം.