കായംകുളം: ഓട്ടോറിക്ഷയിൽ മറന്നുവച്ച പണമടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പോലീസ് സ്റ്റേഷനിൽ വച്ച് ബാഗിന്റെ ഉടമസ്ഥന് ഓട്ടോഡ്രൈവർ ബാഗ് തിരികെ നൽകി. കായംകുളം മേടമുക്ക് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന പനന്പള്ളിയിൽ കുഞ്ഞുമോനാണ് ഓട്ടോറിക്ഷയിൽ നിന്നും ലഭിച്ച യാത്രക്കാരന്റെ പണവും രേഖകളും അടങ്ങിയ ബാഗ് തിരികെ നൽകിയത്.
രണ്ട് മാസം മുന്പ് മേടമുക്കിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ യാത്രചെയ്ത മുതുകുളം സ്വദേശിയായ അബ്ദുൽ സലാം ഓട്ടോയിൽ ബാഗ് മറന്നു വയ്ക്കുകയായിരുന്നു. ഇദ്ദേഹത്തെ ബസ് സ്റ്റാന്റിൽ ഇറക്കി തിരികെ മേടമുക്ക് സ്റ്റാൻഡിൽ ഓട്ടോയുമായി എത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ് ഡ്രൈവർ കുഞ്ഞുമോന്റെ ശ്രദ്ധയിൽ പെട്ടത്.
ഉടൻ തന്നെ ബാഗിന്റെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കായംകുളം പോലീസിൽ ബാഗ് ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാണാതെ പോയ ബാഗ് അന്വേഷിച്ച് മുതുകുളം സ്വദേശി പോലീസ് സ്റ്റേഷനിൽ എത്തിയത്.
7500 രൂപയും തിരിച്ചറിയൽ കാർഡും മിലിട്ടറി പെൻഷൻകാർഡും മറ്റു രേഖകളും ബാഗിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പോലീസ് സ്റ്റേഷനിൽ വച്ച് കായംകുളം എസ്ഐ സാമുവലിന്റെ സാന്നിധ്യത്തിൽ ഓട്ടോ ഡ്രൈവർ ഉടമസ്ഥന് ബാഗ് കൈമാറി. സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്പോഴും സത്യസന്ധത കാട്ടിയ ഓട്ടോ ഡ്രൈവർ കുഞ്ഞുമോനെ ഓട്ടോറിക്ഷ തൊഴിലാളികളും സംഘടനകളും അനുമോദിച്ചു