ഗസൂണ്ജി
തൃശൂർ: കേരളവും കേരളത്തിലെ ഓട്ടോ ഡ്രൈവർമാരും സൂപ്പറാണെന്നു മഹാരാഷ്ട്ര സ്വദേശികളായ പ്രിയങ്കയും കൂട്ടുകാരും. അവരെക്കൊണ്ട് അതു പറയിച്ചതു മനോജ് എന്ന ഓട്ടോ ഡ്രൈവറുടെ ആത്മാർഥതയും. കഥ ഇങ്ങനെ: മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളായ പ്രിയങ്ക, സരോജ്, അവന്തി, മായ എന്നിവർ കിലയിൽ നടക്കുന്ന ഒരു കോണ്ഫറൻസിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് തൃശൂരിലെത്തിയത്.
ഇന്നലെ വൈകുന്നേരം നഗരമൊക്കെ ചുറ്റിക്കാണാനായി കോർപറേഷൻ പരിസരത്തേക്കു വന്നതാണ് നാൽവർസംഘം. ഓട്ടോയിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ എത്തി അല്പസമയം കഴിഞ്ഞപ്പോഴാണ് തന്റെ ബാഗ് ഓട്ടോയിൽ മറന്നുവച്ചെന്നു പ്രിയങ്കയ്ക്ക് ഓർമ വന്നത്.
പണവും എടിഎം കാർഡും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി വിദ്യാർഥികൾ. ഉടൻ കോർപറേഷനു മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോടു വിവരം പറഞ്ഞു. പോലീസുകാരൻ വയർലെസിലൂടെ സന്ദേശം നൽകാനൊരുങ്ങുന്പോഴാണ് അതു സംഭവിച്ചത്. അതാ വരുന്നു, അവർ യാത്രചെയ്ത അതേ ഓട്ടോറിക്ഷ.
പേരാമംഗലം സ്വദേശിയായ മനോജ് വീട്ടിലേക്കു തിരികേ പോകുന്നതിനിടയിൽ ദയ ആശുപത്രിക്കു സമീപം ചായ കുടിക്കാൻ നിർത്തിയപ്പോഴാണ് പിൻസീറ്റിൽ ഉണ്ടായിരുന്ന ബാഗ് കണ്ടത്. ഉടൻ വണ്ടിയെടുത്തു വിദ്യാർഥികളെ ഇറക്കിവിട്ട അതേ സ്ഥലത്തേക്കു വരുകയായിരുന്നു. നഷ്ടപ്പെട്ടു എന്നു കരുതിയ ബാഗ് നിമിഷങ്ങൾക്കകം തിരിച്ചുകിട്ടിയപ്പോൾ പ്രിയങ്കയ്ക്കും കൂട്ടുകാർക്കും അടക്കാനാവാത്ത സന്തോഷം.
കേരളത്തിലല്ലാതെ മറ്റെവിടെയാണെങ്കിലും ചിലപ്പോൾ ബാഗ് തിരിച്ചുകിട്ടിയെന്നു വരില്ലെന്നു വിദ്യാർഥികൾ പറഞ്ഞു. കേരളം സൂപ്പറാണെന്നു പറഞ്ഞ് മനോജിനൊപ്പം സെൽഫിയും എടുത്താണ് അവർ മടങ്ങിയത്.