സ്വന്തംലേഖകന്‍
കോഴിക്കോട്: ഓട്ടോഡ്രൈവര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവുമായി പോലീസ്. ഓട്ടോറിക്ഷ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ടതും നിയമാനുസൃതമായി ചെയ്യേണ്ടതുമായ കാര്യങ്ങളാണ് ഓര്‍മിപ്പിക്കുന്നത്. ഓവര്‍ടേക്കിംഗ് സംബന്ധിച്ച ബോധവത്കരണത്തിനു പിന്നാലെയാണ് ഇത്.
പോലീസിന്റെ നിർദേശങ്ങൾ
വളരെ പെട്ടെന്ന് വളയ്ക്കുമ്പോഴും അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുമ്പോഴുമാണ് ഓട്ടോകള്‍ കൂടുതലായും അപകടങ്ങളില്‍പ്പെടുന്നത്. അതിനാല്‍ ‘യു’ ടേണും റൈറ്റ് ടേണും എടുക്കുമ്പോള്‍ വേഗം കുറയ്ക്കണം. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കാൻ ശ്രദ്ധിക്കണം. വലതുവശത്തുകൂടി മാത്രം വാഹനങ്ങളെ മറികടക്കുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ചെയ്ത് വണ്ടി ഓടിക്കരുത്.
വഴിവക്കില്‍ നില്ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ തിരിക്കുന്നതിനോ മുന്‍പായി പിന്നിൽനിന്നും എതിര്‍ദിശയില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രതികരിക്കാൻ സമയം നല്കുന്ന വിധത്തില്‍ സിഗ്നൽ നല്കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ തിരിക്കുകയോ ചെയ്യാവൂ. വളവുകളിലും കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണാന്‍ കഴിയാത്തപ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്.
ഓട്ടോറിക്ഷകളിൽ ആളെ കുത്തിനിറച്ചോ ഡ്രൈവറുടെ സീറ്റിൽ യാത്രക്കാരെ കയറ്റിയോ ഓട്ടോ ഓടിക്കരുത്. ഡ്രൈവര്‍മാർ നിയമാനുസൃതമായ യൂണിഫോം ധരിക്കണം. നിയപ്രകാരമുള്ള യാത്രക്കൂലിയേ വാങ്ങാവൂ. യാത്രക്കാർ എന്തെങ്കിലും വസ്തുക്കള്‍ മറന്നുവച്ചാല്‍ അത് മടക്കി അവരെ തന്നെയോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ രേഖാമൂലം ഏൽപ്പിക്കണം.
ഓവര്‍ടേക്കിംഗുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ പോലീസ് മുന്നറിയിപ്പുകൾ നല്‍കിയിരുന്നു.