ഓട്ടോ ഡ്രൈവര്‍മാരെ പലപ്പോഴും പേടിയോടെയാണ് നാം കാണുന്നത്. അമിത ചാര്‍ജും ഗുണ്ടായിസവും കാണിക്കുന്ന തല്ലിപ്പൊളിക്കാര്. എന്നാല്‍, ഓട്ടോക്കാരെ അടച്ചാക്ഷേപിക്കുന്നതിനു മുമ്പ് ഈ വാര്‍ത്ത ഒന്നു വായിക്കുക. അങ്ങ് ഗുരുവായൂരിലാണ് ഈ സംഭവം നടക്കുന്നത്. ഇരിങ്ങപ്പുറം കുളങ്ങര വീട്ടില്‍ ബിന്ദുവിന്റെ വിവാഹം ഞായറാഴ്ച്ചത്തേക്കാണ് നിശ്ചയിച്ചിരുന്നത്. അമ്മ മരിച്ച ബിന്ദുവിനെ വളര്‍ത്തിയത് മുത്തശന് അയ്യപ്പനും മുത്തശി തങ്കമണിയും ചേര്‍ന്നാണ്. ഇടക്കാലത്ത് അച്ഛന് പിണങ്ങിപ്പോയി. ഇതിനിടെ ബിന്ദുവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍, കല്യാണത്തിനാവശ്യമായ തുക കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ വിവാഹം മുടങ്ങുമെന്നുറപ്പായി.
കല്യാണം മുടങ്ങുമെന്ന വാര്‍ത്ത അറിഞ്ഞ അയല്‍വാസിയായ അനീഷ് ഇക്കാര്യം സഹപ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാരോട് പറയുന്നു. ഇതോടെ അവര്‍ ഒരു തീരുമാനമെടുത്തു. ബിന്ദുവിന്റെ വിവാഹത്തിനുള്ള പണം എങ്ങനെയും കണ്ടെത്തുക. പലരും പല ആവശ്യത്തിനായി വച്ചിരുന്ന പണമെല്ലാം സ്വരൂപിച്ച് വിവാഹത്തിനായി നല്കി. അരപ്പവന്റെ രണ്ടു വളകള്‍, രണ്ടു മോതിരം, 4000 രൂപ, വിവാഹവസ്ത്രം എന്നിവ ഇവര്‍ നല്കി. ഞായറാഴ്ച്ച ആഘോഷപൂര്‍വം വിവാഹവും നടന്നു. ഇനി പറയൂ, ഓട്ടോക്കാരെല്ലാം മോശക്കാരാണോ.