ചെറുപുഴ: വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ തീയിട്ടു നശിപ്പിച്ചു. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്.
സംഭവം നടക്കുമ്പോൾ ബിനോയി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തീ ഉയരുന്നതുകണ്ട് അയൽവാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.
തൊട്ടടുത്തു കിടന്ന ടവേര കാറിനും ചെറിയ രീതിയിൽ കേടുപറ്റി. ഷെഡിന്റെ ഷീറ്റും വീടിന്റെ ഭിത്തിയുമൊക്കെ തീ കത്തിയതിനാൽ കരിപിടിച്ചു കിടക്കുകയാണ്. ഓട്ടോറിക്ഷയ്ക്കരുകിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന അടയ്ക്കയും കത്തിനശിച്ചിട്ടുണ്ട്.
ചെറുപുഴ എസ്എച്ച്ഒ ടി.പി. ദിനേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോളോ അതുപോലുള്ള എന്തെങ്കിലും ഒഴിച്ച ശേഷം തീയിട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. ഫോറൻസിക് വിദഗ്ധർ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തും. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.