തൃശൂർ: ഹൈക്കോടതി ഉത്തരവു പ്രകാരം തൃശൂർ ആർടിഒയിൽനിന്ന് പെർമിറ്റെടുത്ത ഓട്ടോറിക്ഷകളെ നഗരത്തിലെ ഓട്ടോസ്റ്റാൻഡുകളിൽനിന്ന് ആട്ടിയോടിക്കുന്നതായി പരാതി. ട്രാഫിക് പോലീസിന്റെ പിന്തുണയോടെയാണു ചില ഓട്ടോ ഡ്രൈവർമാർ ഇത്തരം ഓട്ടോറിക്ഷകളെ നഗരത്തിൽ ഓടിക്കാൻ അനുവദിക്കാതെ നാടുകടത്തുന്നത്.
പല ഓട്ടോ സ്റ്റാൻഡുകളിലും ഹൈക്കോടതി അനുവദിച്ച പെർമിറ്റുള്ള ഒാട്ടോകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല എന്ന ഫ്ലക്സ് ബോർഡ് എഴുതിവച്ചിട്ടുണ്ട്. ടിപി, ടിസി നന്പറുള്ള ഓട്ടോറിക്ഷകൾ മാത്രമേ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്നാണ് എഴുതിവച്ചിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം പെർമിറ്റ് അനുവദിച്ചു കിട്ടിയിട്ടുള്ള ഓട്ടോറിക്ഷ തൊഴിലാളികളെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നതായും സർവീസ് നടത്തുന്നതിനിടെ വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതായും പരാതികൾ ഉയരുന്നുണ്ട്.
എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരമല്ലാതെയുള്ള പെർമിറ്റുമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഈ പരിശോധന ബാധകമല്ലെന്നു പറയുന്നു. അടുത്തകാലത്ത് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചാണ് ആർടിഒ വഴി പെർമിറ്റ് അനുവദിക്കുന്നതിനുള്ള അനുവാദം നേടിയെടുത്തത്. ഇതുവഴി നിരവധി പേരാണു പെർമിറ്റ് നേടിയിരിക്കുന്നത്.