സ്വന്തം ലേഖകന്‍
കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനയ്ക്കൊപ്പം തന്നെ ഓട്ടോ-ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഓട്ടോ-ടാക്സി ഉടമകള്‍ ശക്തമായി ആവശ്യപ്പെട്ടതോടെ ദുരിതകാലത്ത് സാധാരണക്കാരന്റെ “നടുവൊടി’യുമെന്നുറപ്പായി.
ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കണമെന്നതുള്പ്പെടെയുള്ള ആവശ്യവുമായി ബസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുമ്പോഴാണ് ഇതിനൊപ്പം ഓട്ടോ- ടാക്സിനിരക്കുകള്‍ കൂടി ഉയര്‍ത്തണമെന്ന ആവശ്യവുമായി ടാക്സി ഉടമകളും രംഗത്തെത്തിയിരിക്കുന്നത്. ഇന്ധനവിലവര്‍ധനവും സ്പെയര്‍പാര്‍ട്സ് വില വര്‍ധനവുമാണ് ചാര്‍ജ് ഉയര്‍ത്തണമെന്ന ആവശ്യത്തിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന ഫെയര്‍ റിവിഷന്‍ കമ്മറ്റിയോഗത്തിലാണ് ഇവര്‍ ആവശ്യമുന്നയിച്ചത്. 2014-നവംബര്‍ മാസത്തിലാണ് നിലവിലുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചത്.
അതിനുശേഷം സ്പെയര്‍പാര്‍ട്സുകള്‍ , ഇന്ധനം എന്നിവയ്ക്കെല്ലാം വലിയതോതില്‍ വില വര്‍ധിച്ചു. ഡീസല്‍ വില 36 ശതമാനവും,സ്പെയര്‍പാര്‍ട്സ് വില 12 ശതമാനവും കൂടിയതായും യോഗത്തില്‍ വാഹന ഉടമകള്‍ അറിയിച്ചു.ഒമ്പത് ട്രേഡ് യൂണിയന് പ്രതിനിധികളാണ് യോഗത്തിനെത്തിയത്.
ഓട്ടോ ചാര്‍ജ് മിനിമം 20 രൂപയില്‍ നിന്ന് മുപ്പത് രൂപയാക്കുക, 1500 സിസിയുള്ള ടാക്സികളുടെ മിനിമംചാര്‍ജ് 150-ല്‍ നിന്ന് 250 ആക്കുക, 1500 സിസിയില്‍ കുറവുള്ള വാഹനങ്ങളുടേത് 100-ല്‍ നിന്ന് 200 ആക്കുക, വെയിറ്റിംഗ് ചാര്‍ജ് മിനിമം 50-ല്‍ നിന്ന് 100 ആക്കുക, പരമാവധി 500-ല്‍ നിന്ന് ആയിരം ആക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വാഹന ഉടമകള്‍ പ്രധാനമായും ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒരു ദിവസം മുഴുവന്‍ വാഹനമോടിച്ചാല്‍ ഇന്ധന വിലകിഴിച്ച് പരമാവധി 700 രൂപവരെമാത്രമേ വരുമാനം ഉണ്ടാക്കാന്‍ കഴിയൂ.
മറ്റ് വാഹന ഉടമകളോട് ദിവസവാടകയ്ക്ക് ഓട്ടോ എടുത്ത് ഓടിക്കുന്നവര്‍ 350 മുതല്‍ 450 രൂപവരെ ദിവസ വാടക നല്‍കണം. സ്വീപ്പര്‍മാര്‍ക്കും ക്ലിനിംഗ് ജോലിചെയ്യുന്നവര്‍ക്കും മാസത്തില്‍ 18,000 രൂപ കിട്ടുമ്പോള്‍ അതില്‍ പകുതിപോലും കിട്ടാത്തവരും ഈ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം നിലവില്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളശ്രമങ്ങള് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജോ.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു.അതേസമയം നിരക്കുകള്‍ വര്‍ധിപ്പിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് അനുകൂലസമീപനമല്ലഉള്ളതെന്നാണ് അറിയുന്നത്.
പ്രധാനമായും സബ്സിഡിനിരക്കില്‍ ബസുകള്‍ക്ക് ഡീസല്‍ ലഭ്യമാക്കുക, നികുതിയുമായി ബന്ധപ്പെട്ട് ഉദാരസമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ചാര്‍ജ് വര്‍ധന നിലവിലെ സാഹചര്യത്തില്‍ ജനവീകാരം എതിരാക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.