കാക്കനാട്: എറണാകുളം നഗരത്തെ കുറിച്ചറിയാത്ത യാത്രക്കാരെ പറ്റിക്കുന്ന ഡ്രൈവർമാർ കരുതിയിരിക്കുക. പരാതി കിട്ടിയാൽ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കാസർഗോഡ് ജില്ലക്കാരായ യാത്രക്കാരെ കബളിപ്പിച്ചെന്ന പരാതിയിൽ അരൂർ സ്വദേശി ഓട്ടോ ഡ്രൈവർ അരുണിന്റെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. ഈ ഓട്ടോറിക്ഷയുടെ ഉടമയായ കുമ്പളം സ്വദേശി വിഷ്ണു തങ്കച്ചന് 1000 രൂപ പിഴയും വിധിച്ചു.
ഇരുവരോടും മലപ്പുറത്തുള്ള ഐഡിപിആറിലെത്തി ബോധവൽകരണ ക്ലാസിൽ പങ്കെടുക്കാനും ആർടിഒ നിർദേശിച്ചു. കഴിഞ്ഞ ഒക്ടോബർ അഞ്ചിനു രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ കുടുംബം ലോഡ്ജ് അന്വേഷിച്ച് ഇവരുടെ വാഹനത്തിൽ കയറിയിരുന്നു.
നഗരം മുഴുവൻ ചുറ്റിച്ചശേഷം ഇനി ലോഡ്ജ് ലഭിക്കില്ലെന്നു പറഞ്ഞു വഴിയിൽ ഇറക്കിവിടുകയും ചാർജ് ഇനത്തിൽ 800 രൂപ വാങ്ങുകയും ചെയ്തു. ഇതു ചോദ്യംചെയ്തപ്പോൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഓട്ടോ ഡ്രൈവറെയും വാഹന ഉടമയെയും ആർടി ഓഫീസിൽ വിളിച്ചുവരുത്തി യാഥാർഥ്യം ബോധ്യപ്പെട്ടശേഷമാണു നടപടിയെടുത്തത്.