കൊല്ലം: നഗരത്തിൽ നിയമവിരുദ്ധമായി ഓട്ടോറിക്ഷാ ഓടിക്കുന്നവർക്കെതിരെ സിറ്റി പോലീസ് നടപടി ആരംഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ ബി കൃഷ്ണയുടെ നിർദേശത്തെ തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്.
പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവരേയും മീറ്റർ പ്രവർത്തിപ്പിക്കാത്തവരേയും അമിത യാത്രാക്കൂലി വാങ്ങുന്നവരേയും മുൻനിർത്തിയാണ് പരിശോധന നടത്തുന്നത്. നഗരത്തിലും പരിസരത്തും ഓട്ടോറിക്ഷാ ഓടിക്കുന്നവർക്കെതിരെ നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു.
സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം ഓട്ടോറിക്ഷകൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. തുടർന്നുള്ള ഒരാഴ്ചക്കാലം പോലീസ് ശക്തമായ പരിശോധന തുടരുമെന്നും ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ കോടതിയിൽ നൽകുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.