കൊട്ടാരക്കര: നിയമലംഘനം നടത്തി വരുന്ന ഓട്ടോറിക്ഷകളെ തൊടാൻ പോലീസിനു ഭയം. അത്യാവശ്യമായതിനാൽ ഓട്ടം വിളിക്കുന്നവർ യാത്രചെയ്യുന്നത് ചങ്കിടിപ്പോടെയാണ്. അമിതമായ ചാർജും മോശം പൊരുമാറ്റവും ട്രാഫിക് നിയമലംഘനങ്ങളും കൊട്ടാരക്കരയിൽ തുടർക്കഥയാണ്.
ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തി വരുന്ന കേരളത്തിലെ ഏക സ്ഥലമാണ് കൊട്ടാരക്കര. ഈ വിവരമറിഞ്ഞ് ഒരു റൂറൽ എസ് പി ഞെട്ടുക പോലുമുണ്ടായി. പക്ഷേ ഫലമുണ്ടായില്ല. സമാന്തരം ഇപ്പോഴും അഭംഗുരം തുടരുന്നു. കൊട്ടാരക്കര ചന്തമുക്കു മുതൽ പുലമൺ വരെയും തിരിച്ചുമാണ് പ്രധാന സമാന്തര സർവീസ്.
ഡ്രൈവർ സീറ്റിൽ പോലും ആളിനെ ഇരുത്തി അഞ്ചും ആറും പേരെ കുത്തിനിറച്ചാണ് യാത്ര. 15 രൂപയുടെ ഓട്ടത്തിന് 30 രൂപവരെ ഈ വിധത്തിൽ ലഭിക്കും. ട്രാഫിക് പോലീസ് നോക്കി നിൽക്കെയാണ് യാത്രക്കാരെ കുത്തി നിറച്ചു കൊണ്ടുളള ഈ മരണപ്പാച്ചിൽ. കൂടാതെ ചന്തമുക്ക് ഓയൂർ റൂട്ടിലും സമാന്തര ഓട്ടോ സർവീസുകളുണ്ട്.
ഓട്ടോറിക്ഷകളുടെ സമാന്തര സർവ്വീസിനെതിരെ സ്വകാര്യബസുടമകൾ പോലീസിനും മോട്ടോർ വാഹനവകുപ്പിനും നിരവധി പരാതികൾ നൽകിയെങ്കിലും നടപടികളുണ്ടായിട്ടില്ല. അമിത ചാർജാണ് ജനങ്ങളെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം കിലോമീറ്റർ കണക്കാക്കിയല്ല ഇവിടെ പണം വാങ്ങുന്നത്. ഒരോ സ്ഥലത്തേക്ക് ഓരോ ഓട്ടോറിക്ഷക്കും വ്യത്യസ്ഥ ചാർജുകളാണ്. പുലമണിൽ നിന്നും റെയിൽവേ സ്റ്റേഷൻ വരെ പോകാൻ ചില ഓട്ടോറിക്ഷകളിൽ 30 രൂപയാണ് ഈടാക്കുന്നതെങ്കിൽ മറ്റു ചിലതിൽ ചാർജ് 40 രൂപയാണ്.
യഥാർഥ ചാർജാകട്ടെ 25 രുപയും. മീറ്റർ പ്രവർത്തിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും കൊട്ടാരക്കരയിലെ ഓട്ടോറിക്ഷകളിൽ അത് ഒരലങ്കാര വസ്തു മാത്രമാണ്. അമിത ചാർജ് ഈടാക്കുന്നതിനെ ചൊല്ലി യാത്രക്കാരുമായുളള നിരന്തര തർക്കങ്ങൾ ഇവിടെ പതിവാണ്.
ഓടിപ്പുകാരന്റെ ഭാഷ മോശമാകുന്നതോടെ യാത്രക്കാർ ഭയന്നു പിൻ വലിയുകയാണ് പതിവ്. അടുത്തിടെ അമിതചാർജ് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനു പോലും ഇവിടെ മർദനമേറ്റിരുന്നു.പോലീസ് കേസായെങ്കിലും ഇവരുടെ ചൂഷണത്തിനു തടയിടാൻ പോലീസിനായില്ല. ലൈസൻസില്ലാത്തവർ ഓടിക്കുന്നതും പെർമിറ്റില്ലാത്തവയുമായ നിരവധി ഓട്ടോകൾ ടൗണിൽ ഓടി വരുന്നുണ്ട്.
നഗരത്തിനു പുറത്തുളള സ്റ്റാന്റുകളിലെ പെർ മിറ്റുപയോഗിച്ച് ഇവിടെ ഓടി വരുന്ന ഓട്ടോകളും നിരവധിയാണ്. രാത്രികാലങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ വിവരശേഖരണത്തിനും നടപടികളില്ല. രാത്രികാലങ്ങളിൽ സ്റ്റാന്റിൽ വന്നിറങ്ങുന്ന യാത്രക്കാരന്റെ ഓട്ടം തൊട്ടടുത്ത സ്ഥലമാണെങ്കിൽ ഇവർ ഓട്ടം പോകാൻ മടിക്കും.
ദീർഘദൂര ഓട്ടവും അമിത ചാർജുമാണ് ഇവരുടെ ലക്ഷ്യം കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാന്റിന്റെ പ്രധാന കെട്ടിടത്തിന്റെ കിഴക്കെ വാതിലിലൂടെ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. സമാന്തര സർവീസുകൾ ഇവിടം കേന്ദ്രീകരിച്ച് ആളെ പിടിക്കുമ്പോൾ അകത്തേക്കും പുറത്തേക്കും പോകാൻ കഴിയാതെ കാൽനടക്കാർ വലയുന്നു. – See more at: