കുറവിലങ്ങാട്: പാതിരാത്രിയിൽ പ്രസവവേദനയുമായെത്തിയ യുവതിക്ക് മുന്നിൽ വാതിൽ പോലും തുറക്കാൻ കൂട്ടാക്കാതിരുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിൽ ’പൊങ്കാല’. യുവതി സഹായം തേടി ഓട്ടോറിക്ഷയിലെത്തിയ സമയം ആശുപത്രിയിൽ ഒരു ഡോക്ടറും ഒരു നഴ്സും ഒരു അറ്റൻഡറും ഉണ്ടായിരിക്കെയാണ് പ്രസവവിഭാഗം ഇല്ലെന്ന മറുപടി നൽകി പ്രസവ വേദനയിൽ പുളഞ്ഞ യുവതിയെ തിരിച്ചയത്.
കുറുപ്പന്തറ ടൗണിലെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ദന്പതികൾക്ക് നേരേ സർക്കാർ ആശുപത്രി വാതിൽകെട്ടിയടച്ചപ്പോഴും രക്ഷകനായി അവരുമായി പാഞ്ഞത് കുറുപ്പന്തറ ടൗണിലെ ഓട്ടോഡ്രൈവറാണ്. ടൗണിലെ ഓട്ടോഡ്രൈവർ ആയാംകുടി മോനിപ്പള്ളിയിൽ അനിൽകുമാറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളെ താരം. അനിൽകുമാറും അനിലിന്റെ ഓട്ടോറിക്ഷ അമ്മുവും ഇപ്പോൾ നാട്ടിലാകെ താരമാണ്.
വയറിംഗ്, പ്ലംബിംഗ് ജോലികൾക്ക് പകൽ സമയത്ത് പോകുന്ന അനിൽ വൈകുന്നേരങ്ങളിലാണ് സ്റ്റാൻഡിൽ ഓട്ടോയുമായി എത്തുന്നത്. രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങും. ഞായറാഴ്ച രാത്രി കാര്യമായ ഓട്ടം ലഭിക്കാതെ വന്നതോടെ പാതിരാത്രിയോളം സ്റ്റാൻഡിൽ കിടക്കവെയാണ് കടത്തിണ്ണയിലെ താമസക്കാരനായ സജി ഭാര്യയെ പാലാ ആശുപത്രിയിൽ പ്രസവത്തിന് എത്തിക്കണമെന്ന ആവശ്യവുമായി ഓട്ടോവിളിക്കാനെത്തിയത്.
ഓട്ടോയുമായെത്തി കടത്തിണ്ണയിൽ നിന്ന് യുവതിയേയും കൂട്ടി പാലായിലേക്ക് യാത്രനടത്തവേ പ്രസവവേദന കലശലായതോടെയാണ് വഴിമധ്യേ കുറവിലങ്ങാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാതിൽ തുറക്കാൻ പോലും കൂട്ടാക്കാതെ ആശുപത്രി അധികൃതർ യുവതിയെ കയ്യൊഴിയുകയായിരുന്നു.
തുടർന്ന് പാലായിലേക്ക് യാത്രതുടരവേ താലൂക്ക് ആശുപത്രിയുടെ വിളിപ്പാടകലെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ഓട്ടോഡ്രൈവർ ആശുപത്രി വളപ്പിൽകിടക്കുന്ന 108 ആംബുലൻസ് ശ്രദ്ധിച്ചിരുന്നു.ഫോണിൽ 108 ആംബുലൻസ് വിളിച്ച് കോട്ടയം മെഡിക്കൽകോളജിൽ അമ്മയേയും കുട്ടിയേയും എത്തിക്കുകയായിരുന്നു.