പ്രളയം തകര്‍ത്ത ചാലക്കുടിയില്‍ ആ ദുരന്ത സ്മാരകമായി അവശേഷിച്ചിരുന്ന കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട ഓട്ടോ, ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ നോവുണര്‍ത്തുന്ന ചിത്രങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടേതായി ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത മണിയുടെ ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ്. ആ ഓട്ടോ ചാലക്കുടിയിലെ തന്നെ യുവാക്കള്‍ ചേര്‍ന്ന് നന്നാക്കിയെടുക്കുന്നു എന്നതാണത്. അതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
ജ്യേഷ്ഠന് വേലായുധന്റെ മകന് സനീഷിനായാണ് മണി ഓട്ടോറിക്ഷ വാങ്ങിയത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന് പേരിട്ട വാഹനത്തിന് മണിയുടെ ഇഷ്ട നമ്പരായ ‘100’ഉം ലഭിച്ചിരുന്നു. കൂടാതെ ബെന്‍ ജോണ്‍സനോടുള്ള ആരാധനയാല്‍ തന്റെ മറ്റ് വാഹനങ്ങളിലേതുപോലെ ഓട്ടോയിലും ‘ബെന്‍ 100’ എന്ന ഇരട്ടപ്പേരും ചാര്ത്തിരുന്നു.
ഒരു ആല്‍ബത്തിന്റെ ഷൂട്ടിംഗിന് മാത്രമുപയോഗിച്ച ഓട്ടോയുടെ തുടര്‍ന്നുള്ള സാരഥി സനീഷായിരുന്നു. എന്നാല്‍ മണിയുടെ മരണത്തോടെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ കട്ടപ്പുറത്തായി. പ്രളയത്തെ തുടര്‍ന്ന് സനീഷ് ഭാര്യ ദീപയെയും മകളെയും കൂട്ടി മണിയുടെ സ്ഥാപനമായ കലാഗൃഹത്തിലേക്ക് താമസം മാറ്റി.
ഒപ്പം ചാലക്കുടിക്കാരന്‍ ചങ്ങാതിയുമുണ്ടായിരുന്നു. എന്നാല്‍ മണിയുടെ വിങ്ങുന്ന ഓര്‍മ്മകള്‍ പേറുന്ന ഓട്ടോറിക്ഷയെ പ്രളയം വിഴുങ്ങി. മണി ഷൂട്ടിംഗിനായി ഉപയോഗിച്ചിരുന്ന ട്രാവലറും വീട്ടുമുറ്റത്ത് തുരുമ്പ് പിടിക്കുകയാണ്. നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന സനീഷിന്റെ താത്പര്യത്തെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ ഓട്ടോ നന്നാക്കിയെടുക്കുന്നത്.