സ്വന്തം ലേഖകൻ
ഒളരിക്കര: ഓട്ടോറിക്ഷകളിൽ മീറ്റർ സീലിംഗ് നടപടികൾ ആരംഭിച്ചു. ഒളരിക്കരയിലെ ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസ് പരിസരത്താണ് നടപടികൾ.
ഇതിനോടകം ജില്ലയിലെ നൂറു കണക്കിന് ഓട്ടോറിക്ഷകൾക്ക് മെക്കാനിക്കൽ ഫെയർ മീറ്ററും ഇലക്ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ സീൽ ചെയ്തു കഴിഞ്ഞു.
പുതിയ മീറ്ററുകൾ സ്ഥാപിക്കാത്ത ഓട്ടോറിക്ഷകൾക്ക് രണ്ടായിരം രൂപ വരെ പിഴ ഈടാക്കും. മീറ്ററിൽ പുതിയ നിരക്ക് പുനക്രമീകരിക്കുന്ന പ്രവൃത്തി ചെയ്യാൻ ലൈസൻസികൾക്ക് മാത്രമാണ് അനുമതിയുള്ളത്.
മീറ്ററിൽ പുതിയ നിരക്ക് ക്രമീകരിച്ച് മീറ്റർ സീൽ ചെയ്യാനെത്തുന്ന ഓട്ടോറിക്ഷകൾ ഒളരിയിൽനിന്ന് ചേറ്റുപുഴവരെ ഓടിച്ച് മീറ്റർ ശരിയാം വിധം പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.
മീറ്റർ ശരിയാണെങ്കിൽ റോഡ് ടെസ്റ്റിനു ശേഷം ഈയം ഉരുക്കിയൊഴിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ ത്രെഡഡ് വയറും സ്ക്വയർ ലെഡും ഉപയോഗിച്ചാണ് മീറ്ററുകൾ സീൽ ചെയ്യുന്നത്.
ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ മീറ്ററുകൾ നിരക്ക് ക്രമീകരണം നടത്തുകയോ മീറ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യരുതെന്ന് അധികൃതർ പറയുന്നു.
ഇത്തരം സ്ഥാപനങ്ങളിൽനിന്ന് മീറ്ററുകൾ ക്രമീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കും.
ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്നും നിയമനുസൃതമായ ചാർജ് മാത്രമേ യാത്രക്കാരിൽ നിന്നും ഈടാക്കാവൂവെന്നും അല്ലാത്ത പക്ഷം നിയമനടപടികളുണ്ടാകുമെന്നും ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ ഓട്ടോഡ്രൈവർമാരോടു പറഞ്ഞു.
അമിത ചാർജ് ഈടാക്കാതിരിക്കാൻ ഓട്ടോറിക്ഷകളിൽ അടുത്ത മാസം മുതൽ ഓട്ടോ ഫെയർ ചാർജ് ചാർട്ട് നിർബന്ധമായി പ്രസിദ്ധപ്പെടുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.