കോട്ടയം: നാളെ മുതൽ കോട്ടയം ജില്ലയിൽ ഓട്ടോറി ക്ഷകളിൽ മീറ്റർ നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോ ഡ്രൈവർമാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടർ പി.കെ. സുധീർബാബു ഉത്തരവിട്ടത്. ഓട്ടോ ചാർജ് സംബന്ധിച്ച് കോട്ടയത്ത് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് മീറ്റർ പ്രവർത്തിപ്പിച്ച് ഓടാൻ ഓട്ടോറിക്ഷ ഡ്രൈവർമാരോട് നിർദേശിച്ചത്. മീറ്ററിൽ കാണുന്ന ചാർജേ നല്കാവൂ എന്നാണ് നിർദേശം.
എന്നാൽ ഇത് നടപ്പാക്കാൻ കഴിയുമോ എന്നാണ് യാത്രക്കാർ കാത്തിരിക്കുന്നത്. മുൻപ് കളക്ടർമാരും ആർഡിഒമാരും നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് കോട്ടയത്തെ ഓട്ടോ മീറ്റർ. മീറ്റർ പ്രവർത്തിപ്പിച്ച് ഓടാൻ കോട്ടയത്തെ ഭൂരിപക്ഷം ഓട്ടോ ഡ്രൈവർമാരും തയാറല്ല എന്നതാണ് പ്രശ്നം. യൂണിയനുകളും ഇവരെ അനുകൂലിക്കും. ഏതെങ്കിലും യൂണിയൻ ഓട്ടോ മീറ്റർ നിർബന്ധമാക്കുന്നതിന് അനുകൂലമാണെങ്കിൽ ഡ്രൈവർമാർ യൂണിയൻ ബന്ധം ഉപേക്ഷിച്ച് മറ്റൊരു യൂണിയനിൽ ചേരും. ഇതാണ് മുൻകാലങ്ങളിൽ കണ്ടു വരുന്നത്.
കോട്ടയം എന്ന ഇട്ടാ വട്ടത്ത് ഓട്ടോ മീറ്റർ പ്രായോഗികമല്ല എന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്. ഇക്കാര്യം അംഗീകരിച്ച അധികാരികൾ ഓരോ സ്ഥലത്തേക്കുമുള്ള ചാർജ് തയാറാക്കി ഓട്ടോകളിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ചാർജ് വർധന നടപ്പാക്കി അധികം താമസിയാതെ പെട്രോൾ ചാർജ് വർധിച്ചു.
ഇതോടെ ഓട്ടോ നിരക്ക് ബോർഡ് നീക്കം ചെയ്തു. അതിനു ശേഷം ചില ഓട്ടോക്കാർ തോന്നിയ ചാർജിനാണ് ഓടുന്നത്. എന്നാൽ മിതമായ ചാർജിൽ ഓടുന്നവരാണ് ബഹുഭൂരിപക്ഷവും. ഓട്ടോ മീറ്റർ പ്രവർത്തിപ്പിക്കാത്ത ഡ്രൈവർമാർക്കെതിരേ മോട്ടോർ വാഹന വകുപ്പും നാളെ മുതൽ നടപടി തുടങ്ങും.